മരണത്തിന്റെ തിളക്കം ഞാൻ അപ്പൊ കണ്ടു. എന്റെ ദേഹത്ത് ഉള്ള അവരുടെ പിടി ബലമുള്ളത് ആയിരുന്നു. കയ്യ് അനക്കാൻ എനിക്ക് കഴിയുന്നില്ല. ഒന്നെതിർക്കാൻ പോലും കഴിയാതെ ഞാൻ തീരാൻ പോകുന്നു എന്ന് എനിക്ക് മനസിലായി. കത്തിയുടെ വീശലിനായി അയാൾ കയ്യുയർത്തും മുമ്പ് അപ്രതീക്ഷിതമായി മറ്റൊന്ന് സംഭവിച്ചു
ദേവരാജന് പിന്നിൽ നിന്ന താടിക്കാരൻ കയ്യുയർത്തി ഒരു ചുറ്റിക കൊണ്ട് ദേവരാജന്റെ തലയിൽ ആഞ്ഞൊരു അടി.. ഒരു ഞരക്കത്തോടെ അയാൾ കസേരയിൽ നിന്നും താഴെ വീഴുന്നത് ഞങ്ങൾ എല്ലാവരും ഞെട്ടലോടെ കണ്ടു. എന്താണ് സംഭവിക്കുന്നത്…? ഇവൻ ഇവരുടെ ആളല്ലേ..? ദേവരാജന്റെ ആളുകൾ ചതി തിരിച്ചറിഞ്ഞു…
‘എടാ കുണ്ണേ….’
എന്നേ കൊല്ലാൻ വടിവാൾ ആയി വന്നവൻ താടിക്കാരന് നേരെ കുതിച്ചു. അവന് പിന്നാലെ ബാക്കി ഉള്ളവരും. എന്റെ പിന്നിൽ എന്നേ ചേർത്ത് കസേരയിൽ ഇരുത്തിയ കൈകൾക്ക് ബലം കുറഞ്ഞത് ഞാൻ അറിഞ്ഞു. പൊടുന്നനെ ഞാൻ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് പിന്നിൽ നിന്നവന്റെ മൂക്കിൽ ഇടിച്ചു.. സകല ശക്തിയും എടുത്തു രണ്ടാമത് ഒന്ന് കൂടെ ഇടിച്ചപ്പോൾ അവൻ നിലത്ത് വീണു.. പിന്നിലായ് മറ്റൊരുവൻ കൂടെ നിൽക്കുന്നുണ്ട്. പക്ഷെ അവൻ എന്റെ അടുത്തേക്ക് വരുന്നില്ല.. മാറി തന്നെ നിൽക്കുകയാണ്.. ഞാൻ മറ്റുള്ളവരെ നോക്കി. അവരാ താടിക്കാരന് നേരെ ആണ് പോകുന്നത്.. ഞാൻ അയാളെ സഹായിക്കണോ…? എനിക്ക് ഒരു ചാൻസ് കിട്ടിയത് അയാൾ കാരണം ആണ്. തിരിച്ചു അയാളെ സഹായിക്കാൻ എനിക്ക് തോന്നി
ഞാൻ ഇരുന്ന കസേര എടുത്തു ഏറ്റവും പിന്നിൽ ആയി ഓടുന്നവന്റെ തലയിൽ ആഞ്ഞു അടിച്ചു. അവൻ അടി കൊണ്ട് നിലത്തേക്ക് വീണു.. ആദ്യം ഓടിയെത്തിയവനെ താടിക്കാരൻ തന്നെ നേരിട്ടു. ചുറ്റിക കൊണ്ട് താടിയിൽ അടി കിട്ടി അവൻ വീണു. പക്ഷെ പിന്നാലെ വന്നവന്റെ കത്തി കൊണ്ടുള്ള വീശ് അയാളുടെ കയ്യിൽ കൊണ്ടു. ചുറ്റിക താഴെ വീണു. കയ്യിൽ നിന്നും ചോര ഒഴുകി.. രണ്ടാമത്തെ വീശ് താടിക്കാരന്റെ കഴുത്തു ലക്ഷ്യമാക്കി ആയിരുന്നു.. പക്ഷെ അതിന് മുന്നേ ഞാൻ അവർക്ക് അരികിലേക്ക് ഓടിയടുത്തു.. ദേവരാജനെ കവച്ചു ചാടി അയാൾ ഇരുന്ന കസേര ഞാൻ വെട്ടിയ കത്തിയിലേക്ക് അടിച്ചു. കത്തിയുടെ ലക്ഷ്യം മാറി.. രണ്ടാമത്തെ വെട്ടിൽ നിന്നും താടിക്കാരൻ രക്ഷപെട്ടു. കത്തി പിടിച്ചവന്റെ അടുത്ത ലക്ഷ്യം ഞാൻ ആയിരുന്നു. എനിക്ക് നേരെ അവൻ കത്തി ആഞ്ഞു വീശി. പിന്നോട്ട് വേഗത്തിൽ മാറി ഞാൻ അതിൽ നിന്നും ഒഴിഞ്ഞു.. ഈ സമയം കൊണ്ട് കയ്യിൽ കിട്ടിയ ചെടിച്ചട്ടി എടുത്തു താടിക്കാരൻ അയാളുടെ തലയിൽ അടിച്ചു. ഒരു അലർച്ചയോടെ അയാളും നിലം പതിച്ചു.. അപ്പോളേക്കും കസേരയുടെ അടി കൊണ്ട് വീണവൻ എനിക്ക് നേരെ ഓടി എത്തിയിരുന്നു.. ഞാൻ അവന്റെ അടിയിൽ നിന്നും കുനിഞ്ഞു ഒഴിഞ്ഞു മാറി അവനെ അരയിൽ തൂക്കി എടുത്തു ഡൈനിങ് ടേബിളിലേക്ക് എറിഞ്ഞു.. ഒരു വലിയ ശബ്ദത്തോടെ ഡൈനിങ് ടേബിൾ തകർന്നു വീണു…