‘നിനക്ക് എന്ത് വേണമെങ്കിലും കരുതാം.. ഫെർണോ നിനക്ക് ഇത് അയച്ചില്ലായിരുന്നു എങ്കിൽ, നീ എന്നെ തിരിച്ചറിഞ്ഞില്ലായിരുന്നു എങ്കിൽ നിന്നെ കൊല്ലുന്ന കാര്യം ഞാൻ ആലോചിക്കുക കൂടി ഇല്ലായിരുന്നു..’
അയാൾ മൃദുവായി പറഞ്ഞു
‘ ഡയലോഗ് വിടാതെ തീർക്കാൻ പറയെടാ നിന്റെ ഗുണ്ടകളോട്.. ആര് അവസാനം കാണുമെന്നു നമുക്ക് നോക്കാം..’
ഞാൻ വെല്ലുവിളിച്ചു. പക്ഷെ അത് വെറുതെ ആണെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. ഇവരെ എല്ലാം ജയിക്കാൻ എനിക്ക് കഴിയില്ല. തല്ലി ജയിക്കുന്നത് പോലെ എളുപ്പമല്ല കൊല്ലാൻ വരുന്നവനിൽ നിന്ന് രക്ഷപ്പെടുന്നത്. അതും ഇത്രയും പേരോട്. തനിയെ ഇവിടെ വന്നത് അബദ്ധം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. മഹാന്റെ തോക്ക് എങ്കിലും ഉണ്ടായിരുന്നു എങ്കിൽ ദേവരാജനെ എങ്കിലും എനിക്ക് തീർക്കാമായിരുന്നു. വാശിയും പകയും എല്ലാം കൊണ്ട് ഞാൻ എടുത്തു ചാടി.. ഇപ്പോളും ദേവരാജന്റെ അടുത്തേക്ക് ഓടി എത്താൻ സാധിക്കുമോ എനിക്ക്..? അതിന് മുന്നേ തന്നെ പുറകിൽ നിന്ന് വെട്ട് വീഴും.. എന്തെങ്കിലും ഒരു പഴുതിനായി എന്റെ കണ്ണുകൾ ചുറ്റും പരതി
‘നിന്റെ കാര്യത്തിൽ എനിക്ക് ശരിക്കും വിഷമം ഉണ്ട്. നിനക്ക് ആരോടെങ്കിലും അവസാനമായി എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ..? നീ അബദ്ധം ഒന്നും കാണിക്കില്ല എങ്കിൽ അതിന് മാത്രം ഞാൻ സമ്മതിക്കാം.. അബദ്ധം കാണിച്ചാൽ നിന്റെ കൂടെ അവരെയും എനിക്ക് പറഞ്ഞു വിടേണ്ടി വരും..’
അയാൾ പറഞ്ഞു. ഇഷാനിയോട് അവസാനമായി എന്തെങ്കിലും പറയണം എന്ന് എനിക്ക് തോന്നി. പക്ഷെ അവളെ ഇവരുടെ മുന്നിൽ കാട്ടി കൊടുക്കുന്നത് പോലെ ആകും അത്.