‘എന്താ ചെയ്തേ…?
അയാൾ ചോദിച്ചു
‘എന്നോട്.. എന്നോട്.. ഡ്രസ്സ്.. അഴിക്കാൻ പറഞ്ഞു…’
അതോർത്തപ്പോൾ കൃഷ്ണയ്ക്ക് പിന്നെയും കരച്ചിൽ വന്നു
‘എന്നിട്ട് നീ അത് കേട്ടോ…?
‘ഇല്ല..’
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
‘അപ്പോൾ നിനക്ക് ധൈര്യം ഉണ്ടല്ലോ.. ഇനി കരയല്ല്.. കണ്ണ് തുടയ്ക്ക്..’
അയാൾ പറഞ്ഞു. കൃഷ്ണ കണ്ണ് തുടച്ചു
‘നീ പേടിക്കുവൊന്നും വേണ്ട. നിന്നെ ഇപ്പൊ തിരിച്ചു കൊണ്ടാക്കും.. കരച്ചിൽ നിർത്തി മുഖം ഒക്കെ കഴുകി മിടുക്കി ആയി ഇരിക്ക്..’
അയാൾ എഴുന്നേറ്റു. അവളെ ഒന്നു നോക്കി അവൾക്ക് വേറെ കുഴപ്പം ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തിയിട്ട് അയാൾ പുറത്തേക്ക് പോയി.
ഗുണ്ടകളുടെ കൂട്ടത്തിൽ ഉള്ള ആളാണെലും ഇയാൾ തന്നെ ഉപദ്രവിക്കില്ല എന്ന് കൃഷ്ണയ്ക്ക് തോന്നി. പക്ഷെ അയാൾ പുറത്തേക്ക് പോയപ്പോ കൃഷ്ണയ്ക്ക് പിന്നെയും പേടിയായി. മറ്റേ ആൾ ഇനിയും വന്നാലോ.. അത് മനസിലാക്കി ആകണം കതകിന് അടുത്തെത്തി തിരിഞ്ഞു നിന്നിട്ട് താടിക്കാരൻ പറഞ്ഞു
‘ഞാൻ പുറത്തുണ്ട്.. എന്തേലും ആവശ്യം ഉണ്ടേൽ കതകിൽ തട്ടിയാൽ മതി..’
അത് പറഞ്ഞിട്ട് അയാൾ കതകടച്ചു
ഒരു ചെറിയ ആശ്വാസത്തോടെ കൃഷ്ണ കസേരയിൽ വന്നു ഇരുന്നു. അല്പം നേരം കഴിഞ്ഞാൽ തന്നെ കൊണ്ട് വിടാമെന്ന് ആണ് ഇയാൾ പറഞ്ഞത്. വെറുതെ ആശ്വസിപ്പിക്കാൻ പറഞ്ഞത് ആവില്ല. എന്തിനാണ് തന്നെ പിടിച്ചു കൊണ്ട് വന്നതെന്ന് സത്യത്തിൽ കൃഷ്ണയ്ക്ക് അറിയില്ല. ഇയാളോട് ചോദിച്ചാലോ…? വേണ്ട ചിലപ്പോ ഇഷ്ടം ആകില്ല. എന്താണേലും അല്പം നേരം കൂടി എങ്ങനെ എങ്കിലും ഇവിടെ പിടിച്ചു നിൽക്കണം.. അതിന് തനിക്ക് കഴിയും എന്ന് അവൾക്ക് തോന്നി. ഇപ്പൊ എന്തോ ചെറിയൊരു ധൈര്യം അവൾക്ക് കിട്ടി എവിടുന്നോ.. എത്രയും വേഗം ഇവിടുന്ന് രക്ഷപെടാൻ വെമ്പി കൃഷ്ണ ആ മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു