‘അവൻ തരാം എന്ന് തന്നെ അല്ലേ പറഞ്ഞത്.. നമുക്ക് നോക്കാം. നീ ആ പെണ്ണിന്റെ ഫോട്ടോ ഒന്ന് അയച്ചേ..’
ദേവരാജൻ തമിഴനോട് പറഞ്ഞു. അയാൾ അത് പോലെ കൃഷ്ണയുടെ ഫോട്ടോ ദേവരാജൻ മുതലാളിക്ക് അയച്ചു കൊടുത്തു.
അയാൾ കണ്ണട എടുത്തു വച്ചു അവളെ സൂക്ഷിച്ചു നോക്കി. ഈ പെണ്ണിനെ ആണ് പലപ്പോഴും അർജുന്റെ കൂടെ കണ്ടിട്ടുള്ളത്. പണ്ടൊരിക്കൽ ബാറിൽ വച്ചു അവന്റെ തോളിൽ തൂങ്ങി കിടന്നത് ഇവളാണ്. അവനു തല്ല് കൊണ്ട് ഹോസ്പിറ്റലിൽ കിടന്നപ്പോളും ഇവൾ ഒപ്പം തന്നെ ഉണ്ടായിരുന്നു. ആ പെണ്ണ് തന്നെ ആണ് ഇത്.. അതോ തനിക്ക് ആൾ മാറിയോ…? ദേവരാജന് ഉള്ളിലൊരു സംശയം ഉടലെടുത്തു
‘മുരുകാ.. ഇങ്ങ് വന്നെ…’
ദേവരാജൻ തന്റെ ജോലിക്കാരനെ അടുത്തേക്ക് വിളിച്ചു..
‘ഈ പെണ്ണിനെ ആണോ അന്ന് നമ്മൾ ഹോസ്പിറ്റലിൽ കണ്ടത്…?
ദേവരാജൻ ഫോൺ ആ താടിക്കാരന് നേരെ നീട്ടി. അയാൾ ആ പിക്കിൽ സൂക്ഷിച്ചു നോക്കി
‘അതെ മുതലാളി.. ആ പെണ്ണ് തന്നെ ആണ് ഇത്…’
അന്ന് ഹോസ്പിറ്റലിൽ അർജുന് പരിക്ക് പറ്റി കിടന്നപ്പോ ദേവരാജന് ഒപ്പം കാണാൻ മുരുകനും ഒപ്പം പോയിരുന്നു. അത് കൊണ്ട് തന്നെ ആ പെൺകുട്ടിയെ അയാളും തിരിച്ചറിഞ്ഞു
‘ ആ സെൽവം പറയുന്നത് എന്നിട്ട് ഇവൾ അവനുമായി പ്രേമം ഒന്നും ഇല്ലെന്ന് ആണല്ലോ..’
ദേവരാജൻ പറഞ്ഞു
‘അത് പിന്നെ ഇപ്പോളത്തെ പിള്ളേർ അല്ലേ.. പ്രേമം ഇല്ലേലും എല്ലാം കാമുകിയും കാമുകനെയും പോലെ ആണ് നടപ്പ്. ചിലപ്പോൾ അതാകും..’
മുരുകൻ പറഞ്ഞു
‘ആവും. എന്തായാലും അവന് വേണ്ടപ്പെട്ട പെണ്ണാണ് ഇത് അല്ലേ..?
‘അതേ. അങ്ങനെ ആണ് എനിക്ക് തോന്നുന്നത്..’