‘അനിയുടെ മരണം കൊലപാതകം ആണെന്ന് അയാൾ നിന്നോട് പറഞ്ഞോ…?
മഹാൻ എന്നെ ചൂഴ്ന്ന് നോക്കി കൊണ്ട് ചോദിച്ചു
‘അങ്ങനെ പറഞ്ഞിരുന്നു…’
ഞാൻ പറഞ്ഞു. മഹാൻ എന്തോ മനസിലായത് പോലെ ഒരു നിമിഷം നിശ്ചലൻ ആയി.. എനിക്കൊന്നും അങ്ങോട്ട് മനസിലാകുന്നില്ലായിരുന്നു… കൃഷ്ണ സേഫ് ആയി തിരിച്ചു വരണം എന്നത് മാത്രമേ എന്റെ മനസിൽ അപ്പോൾ ഉണ്ടായിരുന്നുള്ളു.
കൃഷ്ണ അപ്പോൾ ശരിക്കും ഞങ്ങളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു.. നഗരത്തിൽ ആളൊഴിഞ്ഞ ഒരു വീട്ടിൽ ആയിരുന്നു അവർ കൃഷ്ണയെ കിഡ്നാപ്പ് ചെയ്തു കൊണ്ട് വന്നത്. ആദ്യം ശരിക്കും പേടിച്ചു കൃഷ്ണയുടെ ബോധം പോയിരുന്നു.. ബോധം ചെറുതായ് വന്നപ്പോൾ അവൾ കാറിൽ ആരുടെയോ കൈകൾക്ക് ഇടയിൽ ഞെരുങ്ങി ഇരിക്കുകയായിരുന്നു. പിന്നെ അവൾക്ക് ഓർമ്മ ഒരു ഇരുട്ട് മുറിയാണ്.. ആദ്യം. അവളുടെ വായയിൽ എന്തോ തുണി തിരുകി ശബ്ദം കേൾക്കാതെ ഇരിക്കാൻ അടച്ചു വച്ചെങ്കിലും വെള്ളം കുടിക്കാൻ കൊടുത്തപ്പോ അത് അവർ എടുത്തു മാറ്റി. കൃഷ്ണ ബഹളം വയ്ക്കുന്നില്ല എന്ന് കണ്ടപ്പോ അവർ പിന്നെ തുണി വായിൽ വയ്ക്കാനും നിന്നില്ല. ഒന്ന് ബഹളം വയ്ക്കാൻ പോലും വയ്യാതെ പേടിച്ചു ഇരിക്കുകയാണ് കൃഷ്ണ എന്ന് അവർക്ക് മനസിലായിരുന്നു..
ബഹളം വച്ചിട്ടും കാര്യമില്ല എന്ന് കൃഷ്ണയ്ക്ക് മനസിലായി. അടുത്തെങ്ങും വേറെ വീടില്ല. റോഡില്ല. ആരും താൻ കരഞ്ഞാൽ അറിയാൻ പോണില്ല.. എന്തിന് വേണ്ടിയാണ് തന്നെ പിടിച്ചു കൊണ്ട് വന്നതെന്ന് ഒരുപാട് നേരം കഴിഞ്ഞു ആണ് അവൾ ചിന്തിച്ചത്. അർജുനെ അന്വേഷിച്ചു വീട്ടിലേക്ക് പാഞ്ഞു വന്നവർ വീട്ടിൽ ഓടി കയറി എല്ലാം വലിച്ചു വാരി ഇടുന്നത് എല്ലാം അവൾ ഓർത്തെടുത്തു. അർജുന് വേണ്ടി ആകണം അവർ വന്നത്. ഫോണിൽ താൻ ആരെയോ വിളിക്കാൻ പോകുന്നു എന്ന് കണ്ടപ്പോ ആണ് അവർ തന്റെ വായ പൊത്തി ബലമായി വീട്ടിനുള്ളിലേക്ക് കയറ്റിയത്. അത് കഴിഞ്ഞു ഒരു തടിയൻ തന്നെ പുഷ്പം പോലെ തൂക്കിയെടുത്തു വെളിയിൽ ഇറങ്ങി കാറിലേക്ക് ഇട്ടു.. ഇപ്പോൾ കുറച്ചു കുറച്ചായി കൃഷ്ണ എല്ലാം ഓർത്തെടുക്കുന്നുണ്ട്..