‘മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ…?
വന്ന പാടെ മഹാൻ ഇഷാനിയുടെ അടുത്തേക്ക് ചെന്നു
‘ഇല്ല.. എനിക്ക്… എനിക്ക് കുഴപ്പം ഒന്നുമില്ല..’
ഇഷാനി എന്നെയും മഹാനെയും മാറി മാറി നോക്കി പറഞ്ഞു. കൃഷ്ണയുടെ കാര്യം മഹാനോട് പറയാൻ ആണ് അവളെന്നെ നോക്കിയത്
‘ഇതെന്ത് പറ്റി..? മുഖത്ത് പാട്… നീ മോളെ തല്ലിയോ….?
മഹാൻ എന്നെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു
‘അതെന്റെ കയ്യിലെ കുഴപ്പമാ. ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല. അവൻ ആകെ പേടിച്ചു പോയി.. എന്റെ മിസ്റ്റേക്ക് ആണ്..’
ഇഷാനി പെട്ടന്ന് എന്നെ സംരക്ഷിച്ചു കൊണ്ട് സംസാരിച്ചു. എന്നാലും മഹാൻ എന്നെ രണ്ട് ചീത്ത പറഞ്ഞു. അതിലെനിക്ക് വിഷമം ഒന്നും തോന്നിയില്ല..
‘മഹാനെ ഒരു പ്രശ്നം ഉണ്ട്.. എനിക്ക് തോന്നുന്നത് ഇവളെ അല്ല അവർ പിടിച്ചോണ്ട് പോയത്.. വേറെ ഒരാളെ ആണ്.. എന്റെ ഫ്രണ്ട് കൃഷ്ണയേ.. അവളുടെ ഫോൺ ഇവിടെ കിടപ്പുണ്ടായിരുന്നു.. എനിക്ക് തോന്നുന്നത് അവൾ അവരുടെ അടുത്ത് ഉണ്ടെന്നാണ്..’
ഞാൻ മഹാനോട് കാര്യം പറഞ്ഞു
‘കൃഷ്ണയോ..? വസുദേവ് മേനോന്റെ മോളോ..? ആ കുട്ടിയോ….?
മഹാന് കൃഷ്ണയെയും വീട്ടിൽ വന്നു പരിചയം ഉണ്ട്
‘അതേ..’
ഞാൻ പറഞ്ഞു
‘ദൈവമേ.. ഇത് വല്ലാത്ത പൊല്ലാപ്പ് ആകുമല്ലോ..’
മഹാൻ തലയിൽ കൈ വച്ചു
‘എന്നെ തട്ടിക്കൊണ്ടു പോയെന്ന് ആരാ പറഞ്ഞത്…?
ഇഷാനി ചോദിച്ചു
‘അതാരെന്ന് പറഞ്ഞില്ല. മോളുടെ പേര് പറഞ്ഞില്ല. നിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കൊണ്ട് പോയി എന്ന് കേട്ടപ്പോ ഞാൻ അത് മോൾ ആണെന്ന് കരുതിയത് ആണ്..’
മഹാൻ പറഞ്ഞു