ഇരുന്നു മരിച്ചവനെ പോലെ ഞാൻ സോഫയിലേക്ക് ഇരുന്നു. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല. അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.. ഞങ്ങൾ ജീവിതം ഒന്ന് ആസ്വദിച്ചു വന്നപ്പോളേക്കും അവളെ എന്തിനാ ഇങ്ങനെ എന്നിൽ നിന്നും പറിച്ചു മാറ്റിയത്. ദൈവങ്ങൾ എത്ര ക്രൂരർ ആണെന്ന് ഞാൻ ഓർത്തു. സോഫയിൽ അങ്ങനെ മരിച്ചവനെ പോലെ ഇരിക്കവേ വീടിന് മുന്നിൽ ഒരു ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം ഞാൻ കേട്ടു.. അതാരാണെന്നു നോക്കാനോ ശ്രദ്ധിക്കാനോ ഞാൻ മുതിർന്നില്ല.. ഇടിച്ചു പെയിന്റ് പോയ ഭിത്തിയിലേക്ക് വെറുതെ കണ്ണും നട്ട് ഞാൻ ഇരുന്നു..
പാതി ചത്ത എന്റെ മുന്നിലൂടെ രണ്ട് കയ്യിലും കവറും തൂക്കി ഒന്നും സംഭവിക്കാത്തത് പോലെ ഇഷാനി കടന്നു പോയി.. ആദ്യം ഞാൻ അത് എന്റെ മനസിന്റെ കുസൃതി ആണെന്നാണ് കരുതിയത്. പക്ഷെ ശരിക്കും അവൾ തന്നെ ആണ്.. ഞാൻ കയ്യിൽ നുള്ളി സ്വപനമല്ല ഇതെന്ന് തീർച്ചപ്പെടുത്തി. അവൾ തന്നെ.. എന്റെ ഇഷാനി തന്നെ.. പോയത് പോലെ തന്നെ അവൾ തിരിച്ചു വന്നു. ഒരു മഞ്ഞ ചുരിദാറും വെള്ള ഷോളുമിട്ട് ഇവിടെ നിന്നും പോയവൾ അതെ പോലെ തന്നെ തിരിച്ചു വന്നിരിക്കുന്നു.. ഒരു മാറ്റവും ഇല്ല. മുഖത്തെ ആ പരിഭവം പോലും മാറിയിട്ടില്ല. അവൾക്കൊന്നും സംഭവിച്ചിട്ടില്ല…
ആദ്യം ആഹ്ലാദമാണ് ഉള്ളിൽ തിരതള്ളിയത്. പിന്നെ അത് ദേഷ്യമായി.. ഇത്രയും നേരം വിളിച്ചിട്ട് അവളെന്താ എടുക്കാഞ്ഞത്.. ഇപ്പോളും ഞാൻ ഇവിടെ തകർന്ന് ഇരുന്നിട്ട് എന്നെ മൈൻഡ് പോലും ആക്കാതെ ആണ് അവൾ അകത്തേക്ക് കയറി പോയത്..