ഞാൻ ഇത് മുൻകൂട്ടി കാണേണ്ടത് ആയിരുന്നു. ഇത്രയും വലിയ പ്രശ്നങ്ങൾ ഉള്ള ഞാൻ അവളെ ഇവിടേക്ക് കൊണ്ട് വരരുതായിരുന്നു. പ്രശ്നങ്ങൾ ഒതുങ്ങി എന്ന് കരുതി അവളെ ഇവിടേക്ക് കൊണ്ട് വന്ന എന്റെ തീരുമാനം തെറ്റായിരുന്നു.. ഞാൻ സ്വയം പഴിച്ചു. എല്ലാം എന്റെ തെറ്റാണ്..
ജീവിതത്തിലെ വളരെ കുറച്ചു നിമിഷങ്ങളിൽ ആണ് ഞാൻ ആകെ തകർന്ന് തോറ്റു പോയ സ്‌ഥിതിയിലേക്ക് പോയിട്ടുള്ളത്. ആദ്യം അത് അമ്മയുടെ മരണം ആയിരുന്നു. പിന്നെ ചേട്ടന്റെയും ചേച്ചിയുടെയും അനാര മോളുടെയും വിയോഗം. അതിൽ നിന്ന് കര കയറാൻ ഞാൻ ഒരുപാട് സമയം എടുത്തിരുന്നു. അന്നൊക്കെ തോന്നിയ ഒരു നെഗറ്റീവ് ഫീലിംഗ് എനിക്ക് ഇപ്പോൾ തോന്നാൻ തുടങ്ങി. പ്രിയപ്പെട്ടത് നഷ്ടം ആകുന്ന വേദന ഞാൻ ഒരിക്കൽ കൂടി അറിഞ്ഞു….
എന്ത് കൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നത്.. നെഞ്ചോട് ചേർത്ത് പിടിക്കുന്നവർ എല്ലാം എന്നെ തനിച്ചാക്കി പോകുന്നത്.. ഇപ്പോൾ എന്റെ ഇഷാനിയും…. എനിക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പക്ഷെ.. പക്ഷെ അത് സംഭവിച്ചിരിക്കുന്നു.. എന്റെ ഉള്ളിൽ ഭ്രാന്തിന്റെ ഒരു തിരമാല വന്നടിക്കുന്ന പോലെ എനിക്ക് തോന്നി. സങ്കടവും ദേഷ്യവും കുറ്റബോധവുമെല്ലാം എന്നെ വരിഞ്ഞു മുറുക്കി.. മുന്നിലെ ഭിത്തിയിൽ ഞാൻ ആഞ്ഞാഞ്ഞിടിച്ചു.. എന്റെ ദേഷ്യം മുഴുവൻ ആ ഭിത്തിയോട് ഞാൻ തീർത്തു.. ഇടിച്ചു ഇടിച്ചു എന്റെ കയ്യും വേദനിക്കാൻ തുടങ്ങി.. നന്നായി.. ശരീരം കൂടെ അറിയട്ടെ വേദന.. ഞാൻ പിന്നെയും ഭിത്തിയിൽ ഇടിച്ചു. എന്റെ കൈ മുറിഞ്ഞു ചോര ചെറുതായ് പൊടിയാൻ തുടങ്ങി… സഹിക്കാൻ കഴിയാതെ ഞാൻ കണ്ണടച്ചു മേലേക്ക് നോക്കി അലറി….