ഫൈസീയുടെ മൂന്ന് എതിരാളികളും ഇപ്പോൾ നോക്ക്-ഔട്ട് ആയി.. എന്റെ ആദ്യം ചവിട്ട് കിട്ടിയവൻ സുല്ല് ഇട്ടത് പോലെ വയറും തിരുമ്മി ഇരിപ്പാണ്. പിന്നെ ചവിട്ട് കിട്ടിയ തമിഴൻ പതിയെ എഴുന്നേറ്റു എന്നെ അരിശത്തോടെ നോക്കി നിൽക്കുന്നു. മറ്റവൻ കുറച്ചു ഭയത്തോടെ ആണെങ്കിലും ആക്രമിക്കാൻ തന്നെ പ്ലാനിൽ എന്റെ കുറച്ചു സമീപത്തായി തന്നെ നിൽക്കുന്നു. അപ്പോൾ എന്നേക്കാൾ നല്ല ഇടികാരൻ ഫൈസി തന്നെ.. എനിക്ക് ചെറിയൊരു അസൂയ അവനോട് തോന്നി.. അതിനേക്കാൾ വലിയൊരു നന്ദിയും…
അത്രയും നേരം വലിഞ്ഞു മുറുകി നിന്ന സാഹചര്യം പെട്ടന്നൊന്ന് നിശബ്ദമായി.. അവര് എല്ലാവരും പതിയെ എഴുന്നേറ്റ് ഞങ്ങൾക്ക് ചുറ്റുമായി നിന്നു.. എല്ലാവരും പരസ്പരം നോക്കി.. അവരെന്തോ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് മനസിലായി.. ഞങ്ങളെ ഒരുമിച്ച് ആക്രമിക്കാൻ അവര് തയ്യാറെടുക്കുകയാണ് എന്ന് എനിക്ക് തോന്നി. ഫൈസിക്കും അത് തന്നെ തോന്നി.. അവരെ ആകെ ഉലഞ്ഞിരിക്കുന്ന ഈ അവസ്‌ഥയിൽ തന്നെ നേരിടുന്നത് ആണ് പ്രയോജനം എന്ന് കരുതി ഫൈസി അവരുടെ നേരെ കൈ ചുരുട്ടി ചെന്നു..
പെട്ടന്നാണ് തമിഴൻ ഷർട്ടിന് പിന്നിൽ നിന്നും ഞൊടിയിടയിൽ ഒരു കത്തി എടുത്തു ഫൈസിയുടെ നെഞ്ചിന് നേരെ വീശിയത്.. എന്തോ ഭാഗ്യത്തിന് അവന്റെ ദേഹത്ത് കൊള്ളുന്നതിന് മുമ്പ് അവൻ ഒഴിഞ്ഞു മാറി.. പക്ഷെ തമിഴൻ പിന്നെയും മുന്നോട്ടു വന്നു അവന്റെ കഴുത്തു ലക്ഷ്യമാക്കി കത്തി വീശി.. ഫൈസിക്ക് രണ്ടാമത്തെ വീശലിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല..