ഇഷാനിയുടെ സങ്കടം എല്ലാം അതോടെ മാറിയതായി തോന്നി.. മറ്റുള്ളവർ കാണുമെന്നുള്ളത് കൊണ്ട് അവൾ പിന്നെ നെറുകയിൽ സിന്ദൂരം തൊടാൻ നിന്നില്ല. അതിന്റെ ആവശ്യവും ഇല്ലായിരുന്നു. അവൾക്ക് മാത്രം മനസിലാകാൻ, അവൾക്ക് മാത്രം അറിയാൻ ആയിരുന്നു ഞാൻ അത് ചെയ്തത്..
അടുത്ത ദിവസം മറ്റൊരു കാര്യം കൂടി ഞാൻ ചെയ്തു. അവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. വിളക്ക് എടുത്തു സ്വീകരിക്കാൻ വേണ്ടി ഒന്നുമല്ല. ഞങ്ങളുടെ കാര്യത്തിൽ അച്ഛന്റെ അടുത്ത് ഞാൻ ഇത് വരെ ഒരു തീരുമാനം പറഞ്ഞിരുന്നില്ല. ഫൈസിയുടെ കല്യാണത്തിന് ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ എങ്കിലും അച്ചനോട് സംസാരിക്കണം എന്ന് ഞാൻ കരുതിയത് ആണ്.. ഇപ്പോൾ ആണ് അതിന് മനസ്സ് തയ്യാറായത്. ഞാൻ അവൾക്ക് സിന്ദൂരം അണിയിച്ചത് ഒന്നും അച്ഛൻ അറിയില്ല എങ്കിലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത് എന്ന് അച്ഛന് ഊഹിക്കാം. അത് തുറന്നു പറയാൻ കൂടി ആയിരുന്നു ഞാൻ അവളുമായി വീട്ടിലേക്ക് ചെന്നത്..
ഇഷാനി ആയി വീട്ടിലേക്ക് വന്നു മുറ്റത്ത് ബൈക്ക് വച്ചു ഇറങ്ങിയപ്പോ തന്നെ മുറ്റത്ത് നിന്ന് ഒരാളുടെ കുര ഞങ്ങൾ കേട്ടു. ഇഷാനി തിരിഞ്ഞു നോക്കുമ്പോളേക്കും അവൻ ഓടി വന്നു അവളുടെ ദേഹത്ത് കയറാൻ തുടങ്ങിയിരുന്നു.. ഇഷാനി ആദ്യം ഒന്ന് പകച്ചു പോയെങ്കിലും പെട്ടന്ന് തന്നെ അത് നൂനു ആണെന്ന് മനസിലാക്കി.. അവനെ അപ്രതീക്ഷിതമായി ഇവിടെ കണ്ടപ്പോ അവൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല
‘എടാ കുട്ടാ നീ ഇവിടെ ആയിരുന്നോ..? ചേച്ചി എവിടൊക്കെ നിന്നെ തിരക്കി എന്നറിയോ നിനക്ക്…?.
ഇഷാനി അവന്റെ തലയിൽ തടവി മുഖം അവനോട് ചേർത്ത് കൊണ്ട് പറഞ്ഞു. അവന്റെ സ്നേഹപ്രകടനം കാരണം ഇഷാനി താഴെ വീഴുമെന്ന പോലെയായി. കുറച്ചു ദിവസങ്ങളെ തമ്മിൽ കാണാതെ ഇരുന്നുള്ളു എങ്കിലും കാലങ്ങൾ കൂടി കാണുന്ന പോലെ ആയിരുന്നു ഇരുവരുടെയും സ്നേഹം.. ഇഷാനി നൂനുവിനെ കെട്ടിപിടിച്ചു.. അവന്റെ കഴുത്തിൽ ഒരു ബെൽറ്റ് പുതുതായി വന്നിട്ടുണ്ട്.. നന്നായി കുളിപ്പിച്ചിട്ടുമുണ്ട്..