കോളേജിൽ നിന്നും കുറെ പേര് വൈകിട്ട് റിസപ്ഷന് എത്തിയിരുന്നു. കുറെ പേരെയൊക്കെ കുറെ നാൾ കൂടി കാണുവാണ്.. ആ കൂട്ടത്തിൽ ലച്ചുവും ഉണ്ടായിരുന്നു. അവളെ കണ്ടെങ്കിലും ഞാൻ അങ്ങോട്ട് പോയി മിണ്ടാൻ നിന്നില്ല. അവളും എന്നെ കണ്ടതായി ഭാവിച്ചില്ല.. അവളുടെ അടുത്ത് നിന്നും ഞാൻ ഒഴിഞ്ഞു നടന്നു.. ഞങ്ങൾ ഫുഡ് എല്ലാം കഴിച്ചു ഒരു മൂലയ്ക്ക് കസേര ഇട്ടു ഇരിക്കുവായിരുന്നു. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും ഇഷാനിയും രാഹുലും..
‘ഡ്രിങ്കിങ് സെറ്റപ്പ് തുടങ്ങിയിട്ടുണ്ട് പുറകിൽ.. നമുക്ക് അങ്ങോട്ട് പിടിച്ചാലോ..?
ഇഷാനി ഇരിക്കുന്നത് അറിഞ്ഞു കൊണ്ട് തന്നെ രാഹുൽ ചോദിച്ചു. അവളെ ദേഷ്യം പിടിപ്പിക്കാൻ ആയിരുന്നു ആ ചോദ്യം. അത് ഏറ്റു
‘ഞാൻ ഇല്ല.. നീ വിട്ടോ..’
ഞാൻ അവനോട് പറഞ്ഞു
‘ഇവൾ ഉള്ളോണ്ട് ആണോ..? അത് വിട്.. ഇവളെ വീട്ടിൽ പറഞ്ഞു വിട്.. നമുക്ക് ഒന്ന് കൂടാം.. എത്ര നാളായി ഒന്ന് കൂടിയിട്ട്..’
രാഹുൽ അവളെ ശരിക്കും ഇളക്കാൻ വീണ്ടും പറഞ്ഞു. ഇത്തവണ അവൾ ശരിക്കും ഇളകി
‘നിനക്ക് എന്താ അവനെ കുടിപ്പിച്ചാലേ സമാധാനം ആകുള്ളോ..? നിനക്ക് വേണേൽ നീ പൊക്കോ..’
ഇഷാനി ദേഷ്യത്തിൽ പറഞ്ഞു
‘നീ എന്തിനാ ഇത്ര ദേഷ്യപ്പെടുന്നത്..? വല്ലപ്പോഴും അല്ലേ ഉള്ളു ഇതൊക്കെ..?
രാഹുൽ ചോദിച്ചു
‘എനിക്ക് നിന്നോട് ദേഷ്യം ആണ്.. നീ ഒരുത്തൻ കാരണം ആണ് ഇവൻ കുടി നിർത്താഞ്ഞത്…’
ഇഷാനി ബെറ്റ് ഓർമിച്ചു കൊണ്ട് പറഞ്ഞു
‘ഞാനോ..? ഞാനെന്ത് ചെയ്തു..?
അവൻ കാര്യം അറിയാതെ ചോദിച്ചു
‘അതായിരുന്നു മറ്റേ ബെറ്റ്.. നീ രേവതിയോട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഞാൻ കുടി നിർത്തണം എന്നായിരുന്നു ഇവളുടെ ബെറ്റ്.. അത് പൊളിച്ചില്ലേ നീ..’
ഞാൻ പറഞ്ഞു