‘എന്തായാലും നീ ആലോചിച്ചു ഒരുത്തരം പറ..’
ശ്രുതി രാഹുലിനോട് പറഞ്ഞു
‘ആലോചിക്കാൻ ഒന്നുമില്ല…’
രാഹുൽ എന്തോ തീരുമാനം എടുത്തത് പോലെ പറഞ്ഞു. പിന്നെ ഫോണിൽ തുരുതുരാ എന്തോ എഴുതി അവൾക്ക് അയച്ചു.. ഞങ്ങൾ കളിയെല്ലാം മറന്ന് ഈ കാര്യത്തിൽ കണ്ണ് നട്ട് ഇരുന്നു
‘എന്താ അയച്ചെ….?
ഇഷാനി ആകാംക്ഷ അടക്കാൻ വയ്യാതെ ചോദിച്ചു.
‘നോ….’
രാഹുൽ പതിയെ പറഞ്ഞു
കൃഷ്ണ പെട്ടന്ന് അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ മെസ്സേജ് വായിച്ചു.. അവൻ ഇപ്പൊ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലെന്നും അവളെ ഫ്രണ്ട് ആയി മാത്രേ കാണുന്നുള്ളൂ എന്നുമാണ് അവൻ അയച്ചിരിക്കുന്നത്..
‘കൊട് കൈ..’
കൃഷ്ണ അവന് ഒരു കൈ കൊടുത്തു
‘നൻപേണ്ടാ…’
ഞാൻ നെഞ്ചിൽ രണ്ട് തട്ട് തട്ടി അവനു നേരെ വിരൽ ചൂണ്ടി പറഞ്ഞു
‘നന്നായി. ഒന്നൂടെ റിസ്ക് എടുക്കുന്നതിലും നല്ലത് ഇത് തന്നെ ആണ്..’
ശ്രുതി അടക്കം ഭൂരിഭാഗത്തിനും ഈ സെയിം അഭിപ്രായം ആയിരുന്നു ഈ കാര്യത്തിൽ. ഇഷാനിക്ക് ഒഴിച്ച്….
‘ആ കൊച്ചിന് വിഷമം ആയിക്കാണും..’
ഇഷാനി പറഞ്ഞു
‘ആവട്ടെ.. ഇവൻ ഇത്രയും നാളും വിഷമിച്ചു നടന്നതല്ലേ… ഇനി അവൾ വിഷമിക്കട്ടെ…’
പാത്തു പറഞ്ഞു
‘ഒരാൾക്ക് തിരുത്താൻ ഉള്ള അവസരം കൊടുക്കണ്ടേ…?
ഇഷാനി പിന്നെയും രേവതിക്ക് വേണ്ടി വാദിച്ചു. സത്യത്തിൽ അത് അവൾക്ക് വേണ്ടി തന്നെ ആയിരുന്നു. എന്റെ മദ്യചഷകങ്ങൾക്ക് മീതെ എന്നെന്നേക്കുമായി കോർക്ക് വച്ചു അടയ്ക്കാമെന്ന അവളുടെ മോഹം ആണിപ്പോൾ വീണുടഞ്ഞത്.. അതിന്റെ വിഷമം അവളുടെ മുഖത്ത് ഉണ്ടായിരുന്നു