അവൾ ഇന്ന് ഒരുപാട് സുന്ദരി ആയിട്ടുണ്ട്. ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാടൊരുപാട്.. സത്യത്തിൽ അവളെ ഇത്രയും ഭംഗിയിൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഒരു ക്രീം പട്ട് പാവാട ആയിരുന്നു അവളുടെ വേഷം. അതിന്റെ കയ്യിൽ സ്വർണ്ണകസവ് ഉണ്ട്. പതിവില്ലാത്ത കണ്ണെഴുത്ത് ഇന്നവളുടെ കണ്ണുകളെ കൂടുതൽ തീക്ഷ്‌ണമാക്കി.. കൈകളിൽ വാച്ചിന് പകരം ചുമലയും പച്ചയും നിറത്തിലുള്ള കുപ്പിവളകൾ സ്‌ഥാനം പിടിച്ചു. ത്രിസന്ധ്യയിൽ അങ്ങനെ ഉടുത്തൊരുങ്ങി അവളെ കണ്ടിട്ട് ബൾബ് കത്തിച്ചു വച്ചത് പോലെ ഉണ്ടായിരുന്നു. അവളുടെ പ്രഭയിൽ ബാക്കിയെല്ലാവരും മങ്ങി നിൽക്കുന്നത് പോലെ. കയ്യിലെ താലത്തിലെ അഗ്നിക്ക് പോലും അവളുടെ മുഖത്തെ പ്രഭ ഇല്ലായിരുന്നു.. ഈ നിമിഷം ഇഷാനിക്ക് ഇൻഫിനിറ്റ് ഔറ ആണെന്ന് എനിക്ക് തോന്നി…
പിന്നിൽ നിൽക്കുന്ന പാർവതിയോട് എന്തോ സംസാരിച്ചു ഒരു കൈ കൊണ്ട് പാവാടയുടെ മേലെ ഒരു കൈ വച്ചു അവൾ നടന്നു.. പണ്ടത്തെ പോലെ നിറയെ മുടി ഉണ്ടായിരുന്നേൽ അവളെ ഇപ്പൊ കണ്ടാൽ ഒരു ദേവി ആണെന്ന് തോന്നിയേനെ. പക്ഷെ മുടി ഇല്ലെങ്കിലും അവൾ ഭീകരമാം വിധം സുന്ദരി ആയിട്ടുണ്ട്. ഞങ്ങൾ നിൽക്കുന്ന സ്‌ഥലം കടന്നു പോകവേ അവൾ എന്നേ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു..
അവൾ അമ്പലത്തിലേക്ക് കയറി കഴിഞ്ഞു ഞാൻ മാറിപ്പോയി രാഹുലിനെ വിളിച്ചു. ചുമ്മാ ഇരിക്കുമ്പോ അവനെ റൊമാൻസ് പറഞ്ഞു വെറുപ്പിക്കുന്നത് എന്റെ ഒരു ശീലമായി പോയി. രാഹുൽ ആണേൽ എന്തോ അടിച്ചു ഇപ്പൊ തന്നെ ചീഞ്ഞു ഇരിക്കുവാണ്..
‘അളിയാ ഈ പെൺകുട്ടികൾ ഏറ്റവും സുന്ദരി ആയിരിക്കുന്നത് ഏത് സമയത്തു ആണെന്ന് അറിയാമോ..?
ഞാൻ ചുമ്മാ ഓളത്തിൽ അവനോട് ചോദിച്ചു