അവിടെ വെറുതെ ബൈക്കിൽ അന്തമില്ലാതെ ഓടിച്ചോണ്ട് ഇരിക്കുന്നതിന് ഇടയിൽ ആണ് കൃഷ്ണ വിളിക്കുന്നത്. ക്ലാസ്സിൽ എന്താ വരാഞ്ഞത് എന്ന് ചോദിക്കാൻ ആണ് വിളിച്ചത്. രാവിലെ കാണാഞ്ഞപ്പോൾ അവൾ വിളിച്ചിരുന്നു. ഞാൻ എടുത്തില്ലായിരുന്നു.. ഇപ്പോൾ ഫോൺ എടുത്തു ഞാൻ ടൗണിൽ ഉണ്ട് ബോർ അടിച്ചു ഇരിക്കുവാ എന്ന് പറഞ്ഞു. എന്തിനാ അവളോട് അങ്ങനെ പറഞ്ഞത് എന്നറിയില്ല.. ഞാൻ അങ്ങനെ പറഞ്ഞാൽ അവൾ ഇങ്ങോട്ട് വരുമെന്നും വേറെ എന്തേലും ഒക്കെ സംസാരിച്ചു എന്റെ മനസ്സ് കുറച്ചു നേരത്തേക്ക് ഡിവേർട്ട് ആക്കുമെന്നും എനിക്ക് തോന്നി.. അതങ്ങനെ തന്നെ നടന്നു..
കൃഷ്ണ ഞാൻ ശ്രദ്ധിക്കുക പോലും ചെയ്യാത്ത എന്തൊക്കെയോ വിഷയങ്ങൾ എന്നോട് കലപില പറഞ്ഞു കൊണ്ടിരുന്നു.. ഞാൻ അതെല്ലാം ശ്രദ്ധിക്കുന്ന പോലെ അവളുടെ മുഖത്ത് നോക്കിയിരുന്നു. കുറെ നേരം കഴിഞ്ഞപ്പോ അവൾക്ക് മനസിലായി അവൾ പറയുന്നത് ഒന്നും ഞാൻ കേൾക്കുന്നില്ല, ഞാൻ വേറേതോ ലോകത്താണ് എന്ന്…
‘എന്താ ഇത്ര ആലോചിച്ചു ഇരിക്കുന്നെ..? ഇവിടെ ഒന്നും അല്ലല്ലോ..’
അവൾ ചോദിച്ചു
‘ഹേ.. ഞാൻ വെറുതെ ഓരോന്ന് ഒക്കെ ആലോചിച്ചു ഇരുന്നതാ…’
‘അതെന്താ എന്നാ ചോദിച്ചത്..? ഒരു ശോകം മൂഡ് ആണല്ലോ…?
ഞാൻ അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞെങ്കിലും അവൾക്ക് അത് വിശ്വാസം ആയില്ല. ഒടുവിൽ എന്തോ എന്നെ അലട്ടുന്നുണ്ട് എന്ന് എനിക്ക് സമ്മതിക്കേണ്ടി വന്നു. കമ്പനിയിൽ നടന്ന കാര്യം വ്യക്തമായി പറഞ്ഞില്ല എങ്കിലും അവിടെ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന് അവൾക്ക് മനസിലായി..