റോക്കി 6 [സാത്യകി] [Climax]

Posted by

അവിടെ വച്ചാണ് ഞാൻ ആദ്യമായ് ഫാഷൻ ഫ്രൂട്ട് കഴിക്കുന്നത്. ഇതിന് ഇത്രയും രുചി ഉണ്ടെന്ന് ഞാൻ കരുതിയില്ല. മുകൾ ഭാഗം ചെത്തി കളഞ്ഞു ഉള്ളിൽ പഞ്ചസാര കൂടിയിട്ട് സ്പൂൺ കൊണ്ട് മിക്സ്‌ ആക്കിയിട്ടു കോരി തിന്നുന്നത് ആണ് അതിന്റെ ഒരു ശൈലി. ഇഷാനി ആണ് അതെന്നെ പഠിപ്പിച്ചത്. ചെറിയ പുളിയും ഒടുക്കത്തെ രുചിയും.. വള്ളി പോലെ പടർന്നു കയറുന്ന ചെടി ആയിരുന്നു ഫാഷൻ ഫ്രൂട്ട്. വീട്ടിൽ കൊണ്ട് പോകാനായി കുറെയെണ്ണം ഞാൻ എടുത്തു വച്ചു. അവിടെ ചെന്നിട്ടു ജ്യൂസ്‌ അടിക്കാം..

‘പാദസരം എന്റെ കാലിൽ കിടക്കുന്നെ ശ്രുതി കണ്ടു..’
ഇഷാനി പറഞ്ഞു

‘അതിന് എന്താ..?

‘ഞാൻ ആയി സ്വർണപാദസരം വാങ്ങി ഇടില്ല എന്ന് ഇവർക്ക് ഒക്കെ അറിയാം. നീ വാങ്ങി തന്നതാണെന്ന് ഇവരൊക്കെ കരുതിയോ എന്നാണ് എന്റെ ഒരു പേടി..’

‘നീ വാങ്ങിയത് ആണെന്ന് പറഞ്ഞാൽ പോരെ..?

‘ഞാൻ അങ്ങനെ ആണ് പറഞ്ഞത്. രവിയമ്മ എത്ര ആയെന്ന് ഒക്കെ വന്നു ചോദിച്ചു. ഞാൻ ബബ്ബബ്ബ അടിച്ചു ചെറുതായ്..’
ഇഷാനി പറഞ്ഞു
‘ഇങ്ങോട്ട് പോരുമ്പോ അത് ഊരി വക്കാനും ഞാൻ വിട്ടു പോയി..’

‘ആ ഇനിയിപ്പോ ഞാൻ വാങ്ങി തന്നതാ എന്ന് കരുതിയാൽ തന്നെ എന്താ..?
ഞാൻ ചോദിച്ചു

‘ഒന്നുമില്ല. എന്നാലും വേറെ ആരേലും ഒക്കെ ഇതറിഞ്ഞാൽ ഞാൻ കല്യാണത്തിന് മുന്നേ നിന്നെ ഊറ്റുവാണ് എന്നൊക്കെ ചിന്തിക്കും..’
ഇഷാനി പറഞ്ഞു

‘നിന്നെ അറിയുന്ന ആരും നീ ഊറ്റുമെന്ന് പറയൂല..’
ഫാഷൻ ഫ്രൂട്ട് കോരിയ സ്പൂൺ വടിച്ചു നക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

ഇവിടെ ആറാട്ട് രാത്രിയിൽ ആണ്. അതിനെ കുറിച്ചൊക്കെ ഇഷാനി എന്നോട് കുറെ പറഞ്ഞു തന്നിരുന്നു. വൈകുന്നേരം കുളിക്കാൻ നേരമാണ് അവൾ അടുത്തുള്ള കുളത്തെ പറ്റി പറഞ്ഞ കാര്യം ഞാൻ ഓർത്തത്. മുമ്പ് ഇവിടെ വന്നപ്പോ ഇവിടെ അടുത്തുള്ള തോട്ടിൽ ആണ് ഞാൻ കുളിക്കാൻ പോയത്. അവിടെ ഇപ്പൊ വെള്ളം കുറവായത് കൊണ്ട് കുളത്തിൽ കുളിക്കുന്ന കാര്യം ഇഷാനി പറഞ്ഞു. ഇവിടുന്ന് രണ്ട് മിനിറ്റ് നടന്നാൽ കുളം ആയി. വലിയ മതിൽക്കെട്ട് ഒക്കെ ഉള്ള നല്ല വലുപ്പം ഉള്ള കുളമാണ്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം കുളിക്കടവുകൾ ആണ്. ഇപ്പൊ നീന്താൻ കുട്ടികൾ ആരെങ്കിലും ഒക്കെയേ ഇവിടെ വരാറുള്ളൂ. പച്ച നിറത്തിൽ നല്ല തെളിഞ്ഞ ജലം. ഞാൻ തോർത്തു ഉടുത്തു വെള്ളത്തിൽ ഇറങ്ങാൻ തയ്യാറായി നിന്നു. അപ്പോളാണ് പിന്നിൽ ഒരു കാൽപെരുമാറ്റം..

Leave a Reply

Your email address will not be published. Required fields are marked *