‘ഫുഡ് കഴിച്ചോ..?
കയറി തിണ്ണയിൽ ഇരുന്നു അയാൾ ചോദിച്ചു
‘കഴിച്ചു. അമ്പലത്തിൽ നിന്ന് കഴിച്ചു..’
ഞാൻ പറഞ്ഞു
ഞങ്ങൾ കുറച്ചു നേരം അവിടെ സംസാരിച്ചു ഇരുന്നു. എന്നോട് തനിയെ രാത്രി അവിടെ കഴിയാൻ ബുദ്ധിമുട്ട് ഉണ്ടോന്ന് ഉണ്ണി ചോദിച്ചു. അതിൽ യാതൊരു പ്രശ്നവും ഇല്ലെന്ന് ഞാൻ പറഞ്ഞു. പറഞ്ഞു പോകുന്നതിന് മുമ്പ് ഇഷാനിയെ പറ്റി ഞാൻ അയാളോട് സംസാരിച്ചു
‘അവൾ എന്നോട് പറഞ്ഞിട്ടുണ്ട് നിങ്ങളെ പറ്റി ഒക്കെ..’
ഞാൻ പറഞ്ഞു
‘ആഹ്.. പറഞ്ഞിട്ടുണ്ടോ…?
ഉണ്ണിയുടെ മുഖം ഒന്ന് വല്ലാതായി
‘അവളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നൊക്കെ. എന്നോട് ദേഷ്യം ഉണ്ടോ…?
ഞാൻ ചോദിച്ചു
‘ഹേയ്.. ഒരിഷ്ടം ഉണ്ടായിരുന്നു എന്നത് നേരാണ്. വീട്ടിലും എല്ലാവർക്കും അവളെ ഇഷ്ടം ആയിരുന്നു. അത്ര സീരിയസ് പ്രേമം ഒന്നുമല്ല കേട്ടോ. ഒരു താല്പര്യം ഉണ്ടായിരുന്നു. പിന്നെ അവളുടെ ഇഷ്ടം ആണ് ഞങ്ങൾക്ക് എല്ലാവർക്കും വലുത്..’
ഉണ്ണി പറഞ്ഞു.
അയാൾ വെറുതെ പറഞ്ഞത് പോലെ തോന്നിയില്ല. ഒരു നാട്ടുമ്പുറത്തുകാരന്റെ നന്മ അയാളുടെ വാക്കുകളിൽ ഉണ്ടായിരുന്നു. ഉണ്ണി പോയി കഴിഞ്ഞു ഞാൻ കിടന്നു. അത് കഴിഞ്ഞു ഇഷാനിയുടെ കോൾ വന്നിരുന്നു. ഉണ്ണി കൃഷ്ണനോട് സംസാരിച്ച കാര്യം ഒക്കെ ഞാൻ അവളോട് പറഞ്ഞു.
പിറ്റേന്ന് രാവിലെ കുളിച്ചു അമ്പലത്തിൽ പോയി വന്നു കഴിഞ്ഞാണ് ഞാൻ പ്രാതൽ കഴിക്കുന്നത്. ഇഷാനി ഒക്കെ വെളുപ്പിനെ എഴുന്നേറ്റ് അമ്പലത്തിൽ പോയിരുന്നു. ഫുഡ് കഴിച്ചു കഴിഞ്ഞു അവൾ ഞാനുമായി അവളുടെ നാട് കാണാൻ ഇറങ്ങി. പഴയ പ്രിയദർശൻ സിനിമകളിൽ ഒക്കെ കാണുന്ന പോലെ നാഗരികത എത്തി നോക്കാത്ത പച്ചയായ ഗ്രാമം. അവൾ അമ്പലത്തിൽ പോകുന്ന ഇട വഴികളും നൃത്തം പഠിച്ച അരങ്ങും ഒക്കെ അവൾ എനിക്ക് കാണിച്ചു തന്നു.