‘എന്തിനാ കരഞ്ഞേ…?
‘ഒന്നുമില്ല..’
അവൾ പറഞ്ഞു
‘ഒന്നുമില്ലാതെ കരയുമോ..?
‘നീയുമായി ഇവിടെ വന്നു തൊഴണം എന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു. ഞാൻ ഇവിടെ ഒരുപാട് വന്നു അത് പ്രാർത്ഥിച്ചിട്ടുണ്ട്. ഇപ്പൊ അത് സത്യം ആയത് ഓർത്തപ്പോ കണ്ണ് നിറഞ്ഞതാ…’
അവൾ കയ്യിൽ ഇരുന്ന പ്രസാദം എന്റെ നെറ്റിയിൽ തൊടുവിച്ചു കൊണ്ട് പറഞ്ഞു
അവിടെ നിന്നും തിരിച്ചു പോകാൻ പടി ഇറങ്ങുന്നതിനു മുമ്പാണ് അവിടുത്തെ ആൽച്ചുവട്ടിൽ ഒരാൾ എന്നേ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നത് ഞാൻ കണ്ടത്. ഞാൻ അയാളെ ആദ്യം കാണുമ്പോൾ മുതൽ അയാളുടെ മുഖത്ത് ആ ചിരി ഉണ്ട്. ജീവനാന്ദസ്വാമിയേ അവിടെ കാണുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല
ലൈഫിൽ തിരിച്ചടികൾ ഉണ്ടായ സമയം വീട് വിട്ടു ഞാൻ ഊര് തെണ്ടാൻ പോയിരുന്നു. അന്ന് കിട്ടിയ പരിചയം ആണ് ജീവ. ഒരു സന്യാസി ആണെങ്കിലും ഇറങ്ങി സുഹൃത്തിനെ പോലെ ആണ് ജീവ എന്നോട് പെരുമാറിയിരുന്നത്. പെട്ടന്ന് ജീവയെ ഇവിടെ കണ്ടപ്പോൾ ആണ് മുമ്പ് എപ്പോളോ ഞാൻ അവനെ സ്വപ്നം കണ്ടിരുന്ന കാര്യം ഓർമ്മ വന്നത്
‘ഇവിടെ ആണോ ഇപ്പൊ…?
ഞാൻ അടുത്തേക്ക് ചെന്നു ചോദിച്ചു. ആൽച്ചുവട്ടിൽ നിന്നും എഴുന്നേറ്റു കൊണ്ട് ജീവ മറുപടി തന്നു
‘അല്ല. ഒരു ചെറിയ തീർത്ഥാടനം. അങ്ങനെ പോകുന്ന വഴിയാണ്..’
ജീവ അത് പറഞ്ഞു എന്റെ കൂടെയുള്ള ഇഷാനിയെ നോക്കി പുഞ്ചിരിച്ചു. ഇഷാനി സ്വാമിയേ കൈ കൂപ്പി വണങ്ങി
‘ഇപ്പൊ എത്ര നാളായി കാണും.. എനിക്ക് തോന്നുന്നു ഒരു അഞ്ചു വർഷം എങ്കിലും ആയി കാണും നമ്മൾ ലാസ്റ്റ് കണ്ടിട്ടല്ലേ..?
ഞാൻ ചോദിച്ചു