കുളിച്ചു കഴിഞ്ഞു ഡ്രസ്സ് എല്ലാം ഇട്ടു ഞാൻ അങ്ങോട്ട് ചെന്നു. അവളും അപ്പോളേക്ക് റെഡി ആയിരുന്നു. ഒരു കറുപ്പ് ചുരിദാർ ആയിരുന്നു അവളും ധരിച്ചിരിന്നത്. അമ്പലത്തിലേക്ക് ഞങ്ങൾ തിരിച്ചു. അവരുടെ സ്വന്തം അമ്പലത്തിലേക്ക് ആണ് അവൾ പോകുന്നത് എന്നാണ് ഞാൻ കരുതിയത്. പക്ഷെ ഉത്സവം നടക്കുന്ന ആ അമ്പലത്തിലേക്ക് ആയിരുന്നില്ല അവൾ എന്നേ കൊണ്ട് പോകാൻ ഉദ്ദേശിച്ചത്. കുറച്ചു കൂടി മാറിയുള്ള ഒരു ശിവക്ഷേത്രത്തിൽ ആണ് ഞങ്ങൾ ചെന്നെത്തിയത്..
കുറച്ചു കയറ്റത്തിൽ ആണ് അമ്പലം ഇരിക്കുന്നത്. കുറെ പടികൾ കയറിയാൽ മാത്രമേ മേലെ ചെല്ലാൻ പറ്റൂ. അത്ര വലിയ അമ്പലം ഒന്നുമല്ല. ആളുകൾ ഒക്കെ കുറവാണ്. പക്ഷെ ഒരു വല്ലാത്ത പോസിറ്റീവ് അന്തരീക്ഷം അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ എത്തിയപ്പോൾ സന്ധ്യ ആകുന്നു. ഇഷാനി അവിടെ വഴിപാട് കഴിക്കാൻ വേണ്ടി പോയി. അമ്പലത്തിനു മുന്നിൽ ഒരു കൽവിളക്ക് ഉണ്ട്. അതിൽ എണ്ണ ഒഴിച്ച് ഞാനും അവളും വിളക്കിൽ ദീപം അണിയിച്ചു.. ചെറിയ കാറ്റുണ്ടെങ്കിലും തിരികൾ ഒന്നും കെടുന്നില്ല
‘നിങ്ങളുടെ അമ്പലത്തിൽ ഉത്സവം നടക്കുമ്പോ നീ എന്തിനാ ഈ അമ്പലത്തിൽ വന്നു തൊഴുന്നെ…?
തിരി കത്തിക്കുന്നതിന് ഇടയിൽ അവളോട് ഞാൻ ചോദിച്ചു
‘ഞാൻ ഇവിടെ മിക്കപ്പോഴും വരാറുള്ളതാ. ഇതാണ് ഞങ്ങളുടെ അടുത്തുള്ള ശിവ ക്ഷേത്രം..’
അവൾ പറഞ്ഞു
ദീപാരാധന ആയപ്പോൾ കുറച്ചു കൂടി ആളുകൾ എത്തി തുടങ്ങി. നടയുടെ മുന്നിൽ പ്രാർത്ഥിച്ചിട്ട് ഞാൻ മാറിയപ്പോളും അവൾ കണ്ണടച്ചു നിന്ന് പ്രാർഥിക്കുകയായിരുന്നു. ഞാൻ മാറി അത് നോക്കി നിന്നു. അവളുടെ കവിളിലൂടെ കണ്ണ് നീർ ഒഴുകുന്നത് എനിക്ക് കാണാം. അവൾ കരയുകയാണ്. ഇഷാനി സൈലന്റ് ആയി കരയുന്നത് ഞാൻ ആദ്യമായി കാണുവാ. സാധാരണ വിങ്ങി പൊട്ടി ഏങ്ങലടിച്ചു ആണ് അവൾ കരയുന്നത്.. പ്രാർഥിച്ചു കഴിഞ്ഞു എന്റെ അടുത്തേക്ക് വന്നപ്പോൾ അവളോട് ഞാൻ ചോദിച്ചു