റോക്കി 6 [സാത്യകി] [Climax]

Posted by

 

 

‘ഇതൊരു പുണ്യ സ്‌ഥലം അല്ലേ. ഇവിടെ വച്ചു തന്നെ തനിക്ക് മരിക്കണം എന്ന് നിർബന്ധം ഉണ്ടോ..?

അയാൾ അപ്പോളും എന്റെ അടുത്തേക്ക് വന്നില്ല. ഞാൻ ചാടിയാലും ഒന്നും ഇല്ലെന്ന മട്ടിലാണ് അയാളുടെ നിൽപ്പ്. പക്ഷെ അയാളുടെ സംസാരം എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ആണോ എന്നെനിക്ക് തോന്നി. അയാളുടെ ചോദ്യത്തിന് എനിക്ക് മറുപടി കൊടുക്കാനും തോന്നിയില്ല. ചാകാൻ നിക്കുന്ന ഞാൻ എന്തിന് ഇയാളോട് എല്ലാം ബോധിപ്പിക്കണം..

 

‘സോറി…’

നിങ്ങളുടെ പുണ്യസ്‌ഥലം അശുദ്ധമാക്കാൻ ശ്രമിച്ചതിന് ക്ഷമാപണം.. ഞാൻ മനസ്സിൽ പറഞ്ഞു. പക്ഷെ താഴേക്ക് ചാടാനുള്ള എന്റെ തീരുമാനത്തിൽ എനിക്ക് മാറ്റം ഒന്നും ഉണ്ടായില്ല.. വെറുതെ ഒരു ക്ഷമാപണം..

 

 

‘എന്താ വല്ല പ്രേമനൈരാശ്യവും ആണോ..?

അയാൾ അവിടെ തന്നെ നിന്ന് ചോദിച്ചു

 

 

‘ഹേയ്… അല്ല…’

ഞാൻ മറുപടി കൊടുത്തു.. പ്രണയനൈരാശ്യം ഉണ്ടാകാൻ എനിക്കന്നു വരെ പ്രണയം ഉണ്ടായിട്ടില്ലല്ലോ… വർഷങ്ങൾക്ക് മുമ്പ് ആ മലയുടെ മുകളിൽ നിന്ന് ചാടാൻ തീരുമാനിച്ചപ്പോൾ ഒന്നും ഇഷാനിയെ ഞാൻ കണ്ടിട്ട് കൂടി ഉണ്ടായിരുന്നില്ലല്ലോ…!

 

 

‘എന്ത് പ്രശ്നം ആണേലും ജീവിച്ചു തീർക്ക്.. പ്രശ്നങ്ങൾ വരുമ്പോൾ ചാടി ചാവാൻ ആണേൽ ഈ ലോകത്ത് മനുഷ്യർ ഒന്നും തന്നെ ബാക്കി ഉണ്ടാവില്ല…’

അയാളൊരു തത്വം പറഞ്ഞു.. അതിന്റെ പൊരുളിലേക്ക് ഒന്നും ഞാൻ കൂടുതൽ ചിന്തിച്ചില്ല.

‘അവിടെ ഇനി നിക്കണ്ട.. തിരിച്ചു പോര്..’

അയാൾ ഒരല്പം അടുപ്പത്തോടെ പറഞ്ഞു. അതോ അധികാരത്തോടെ ആയിരുന്നോ..? ആ പറച്ചിലിൽ എന്റെ മനസ്സ് അയാളെ അറിയാതെ അനുസരിക്കുന്നതായി എനിക്ക് തോന്നി. അത്രയും പറഞ്ഞിട്ട് എന്നെ നോക്കുക പോലും ചെയ്യാതെ അയാൾ തിരിച്ചു നടന്നു.. ഞാൻ താഴേക്ക് ചാടുന്നുണ്ടോ എന്ന് പോലും അയാൾ നോക്കിയില്ല.. ഒരുപക്ഷെ ഞാൻ ചാടില്ല എന്ന് അയാൾ ഉറപ്പാക്കിയിരിക്കണം.. പക്ഷെ അതെങ്ങെനെ…?

Leave a Reply

Your email address will not be published. Required fields are marked *