‘അടിപൊളി. കല്യാണം ഞങ്ങളെ ആരെയും വിളിക്കാൻ മറക്കരുത്..’
മനോജ് അണ്ണൻ പറഞ്ഞു
‘ഞങ്ങൾ മറക്കുമോ..? ഞങ്ങളുടെ ഫസ്റ്റ് വിരുന്ന് ഇപ്പൊ ഇവിടുന്ന് അല്ലായിരുന്നോ..?
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘ഉടനെ ഒന്നും കാണില്ല കേട്ടോ.. ഒരു രണ്ട് വർഷം കൂടി കഴിഞ്ഞേ കാണൂ..’
ഇഷാനി പറഞ്ഞു
അവിടെ അവരെല്ലാം ഞങ്ങളെ വലിയ അതിഥികളെ പോലെ ആണ് സ്വീകരിച്ചത്. ജീവിതത്തിൽ ആകസ്മികമായി മാത്രം കണ്ട മുഖങ്ങൾ നമ്മളെ ഓർത്തിരിക്കുന്നതും വേണ്ടപ്പെട്ടവരെ പോലെ കരുതുന്നതും ഒരു നല്ല സുഖമുള്ള കാര്യമായിരുന്നു. എനിക്കും അവൾക്കും. കോളനിയിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോ അന്ന് പൊളിച്ച വേലിയുടെ ഭാഗത്തേക്ക് ഞാൻ നോക്കി. അവിടെ പിന്നെയും വേലി കെട്ടിയിട്ടുണ്ട്. ആ വേലി പൊളിച്ചാണ് ഞാൻ അന്ന് തടിയിലൂടെ ഇടയിലുള്ള കനാല് മുറിച്ചു കടന്നത്.. ഞാൻ അവിടെ ശ്രദ്ധിക്കുന്നത് കണ്ടു മനോജ് അണ്ണൻ എന്നോട് തമാശയായി ചോദിച്ചു
‘അത് വഴി പോണോ..? ഒന്നൂടെ ജമ്പ് ചെയ്യിക്കണോ…?
അത് കേട്ട് ഞങ്ങൾ ചിരിച്ചു. ചിരിച്ചു കൊണ്ട് അവരോട് വിട പറഞ്ഞു. കല്യാണം വിളിക്കാൻ ഉറപ്പായും വരുമെന്ന് വാക്ക് കൊടുത്തു കോളനിയിൽ നിന്നും ഞങ്ങൾ യാത്ര തുടർന്നു. അന്ന് ഞങ്ങൾ സഞ്ചരിച്ച വഴിയിലൂടെ എല്ലാം പിന്നെയും ഞങ്ങൾ കടന്നു പോയി. വീണ്ടുമീവഴിയിലൂടെ അവളെ സ്വന്തം ആക്കി ഒരു വരവ് വരണമെന്ന് ഞാൻ അന്നേ ആഗ്രഹിച്ചതാണ്.. അന്നത്തേക്കാൾ മുറുക്കെ എന്നേ കെട്ടിപുണർന്നു കൊണ്ട് ഇഷാനി എന്റെ പിന്നിൽ ഉണ്ടായിരുന്നു..
പേരറിയാത്ത നാടുകളും നഗരവും എല്ലാം കടന്നു ഒടുവിൽ ഞങ്ങൾ പാലക്കാടിന്റെ മണ്ണിൽ എത്തിച്ചേർന്നു. അവിടുന്ന് വീണ്ടും മുന്നോട്ടു പോയി അവസാനം ഇഷാനിയുടെ നാടായ പൂക്കുടയിൽ ഞങ്ങൾ എത്തി. ഉത്സവത്തിന്റെ ഒരു അന്തരീക്ഷം നാട്ടിൽ അറിയാൻ ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോ കെട്ടിപ്പിടുത്തം ഒഴിവാക്കി ഇഷാനി നേരെ ഇരുന്നു. കൈകൾ അവളെന്റെ തോളിൽ ഇട്ടു.. അവളുടെ വീട്ടിലേക്കുള്ള വഴി ഞാൻ മറന്നിരുന്നില്ല.. പടിക്കെട്ടുകൾക്ക് താഴെ ഞങ്ങൾ വണ്ടി വച്ചു. പടവുകൾ കയറി മേലെ ചെന്നപ്പോ അവിടെ അവളുടെ പേരപ്പൻ ഉണ്ടായിരുന്നു.. ചെന്ന ഉടനെ ബാഗ് പോലും ഊരാതെ അവൾ അവളുടെ രവിയച്ഛനെ കെട്ടിപ്പിടിച്ചു. എന്നേ അങ്ങേര് കൂടെ പ്രതീക്ഷിച്ചില്ലായിരുന്നു എങ്കിലും കണ്ടപ്പോൾ സന്തോഷത്തോടെ ക്ഷണിച്ചു..