ഞങ്ങളുടെ ഉച്ചക്കത്തെ ഊണ് ശ്രുതിയുടെ വീട്ടിൽ വച്ചു ആയിരുന്നു. അന്ന് കിട്ടിയതിലും കെങ്കേമം ആയ സദ്യ തന്നെ ഇന്ന് കിട്ടി. സദ്യ കഴിഞ്ഞു ഞങ്ങൾ അന്നത്തെ പോലെ ശ്രുതിയുടെ പറമ്പിലൂടെ എല്ലാം ചികഞ്ഞു നടന്നു. അന്ന് കെട്ടിയ ഊഞ്ഞാൽ ഇന്ന് ഇല്ലാതിരുന്നത് മാത്രം ഒരു നഷ്ടം ആയി തോന്നി. ഈ സമയം എല്ലാം ഇഷാനി എന്നേക്കാൾ കൃഷ്ണയുടെ ഒപ്പം ആയിരുന്നു ഉണ്ടായിരുന്നെ. കൃഷ്ണ ഒരു വിധത്തിൽ ഇഷാനിയോട് രസപ്പെട്ടു തുടങ്ങിയ പോലെ തോന്നി. വെയിൽ ഒന്ന് ആറിയപ്പോൾ ആണ് ഞങ്ങൾ ശ്രുതിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്.. ശ്രുതിയുടെ അമ്മയോടും അച്ഛനോടും ഒക്കെ യാത്ര പറഞ്ഞു ഞങ്ങൾ പിന്നെ പോയത് ബീച്ചിലേക്കാണ്.. അന്നത്തെ പ്ലാനിന്റെ അവസാനം ബീച്ചിൽ ആയിരുന്നു…
ബീച്ചിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. ഞങ്ങൾ ബോയ്സ് മാത്രം വെള്ളത്തിൽ ഇറങ്ങി. അവളുമാർ എല്ലാവരും കരയിൽ നിന്നതേ ഉള്ളു. ഞങ്ങൾ കടലിൽ ഇറങ്ങി കുളിച്ചു നിൽക്കുന്നതിന് ഇടയിൽ കൃഷ്ണയും ഇഷാനിയും സംസാരിക്കുന്നത് ഞാൻ കണ്ടു.. ശ്രുതിയും ഫാത്തിമയും മാറി വേറെന്തോ സംസാരിക്കുകയാണ്.. ഇഷാനി എന്താണ് കൃഷ്ണയോട് സംസാരിക്കുന്നത് എന്ന് എനിക്ക് ഇവിടെ നിന്ന് അറിയാൻ പറ്റിയില്ല…
‘എന്തായിരുന്നു പോയിട്ട് പരുപാടി ഉണ്ടെന്ന് പറഞ്ഞിരുന്നേ…?
ഇഷാനി കൃഷ്ണയോട് ചോദിച്ചു
‘അത്.. അതങ്ങനെ പ്രത്യേകിച്ച് പരുപാടി ഒന്നും ഇല്ലായിരുന്നു..’
കൃഷ്ണ ചെറിയ ചമ്മലോടെ പറഞ്ഞു
‘കള്ളം പറഞ്ഞതാ അല്ലേ..? മുങ്ങാൻ..?എനിക്ക് അറിയാമായിരുന്നു..’