അവരുടെ ഇൻസ്‌പെക്ഷൻ മണിക്കൂറുകൾ നീണ്ടു. അത്രയും നേരം ഞാൻ ഓഫിസിൽ തന്നെ ആയിരുന്നു. ഫൈസിയും മാനേജർ സജീവും ഒപ്പം ഉണ്ടായിരുന്നു. അവസാനം പരിശോധനക്ക് ഫലം കാണുന്നില്ല എന്നായപ്പോൾ അവര് അത് അവസാനിപ്പിച്ചു. ജോർജ് സാർ എന്നെ തനിച്ചു സംസാരിക്കാൻ വേണ്ടി എന്റെ ക്യാബിനിലേക്ക് വന്നു.. ഇത്രയും നേരം ബുദ്ധിമുട്ടിച്ചതിന് ഒരു ക്ഷമാപണം ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ അതുണ്ടായില്ല..
‘അർജുൻ ഇപ്പോൾ കോളേജിൽ പോകുന്നുണ്ടോ..? അങ്ങനെ ആണ് കേട്ടത്..’
ജോർജ് സാർ എനിക്ക് മുന്നിലായ് ഇരുന്നു കൊണ്ട് ചോദിച്ചു
‘യെസ്..’
ആ ചോദ്യം എനിക്ക് അധികം ഇഷ്ടം ആയില്ല. അതൊക്കെ എന്റെ പേർസണൽ കാര്യങ്ങൾ അല്ലേ. അതിലൊക്കെ ഇയാൾ എന്തിനാ തലയിടുന്നെ.. പക്ഷെ അയാൾക്ക് അതിലൊക്കെ എന്തോ താല്പര്യം ഉള്ളത് പോലെ തോന്നി. കോളേജിനെ കുറിച്ചും ഇപ്പൊ അങ്ങനെ പഠിക്കാൻ തോന്നാനുള്ള സാഹചര്യത്തെ കുറിച്ചും ഒക്കെ അയാൾ കിള്ളി കിള്ളി ചോദിച്ചു കൊണ്ടിരുന്നു
‘നിങ്ങടെ കോളേജിൽ പിള്ളേർക്കിടയിൽ ഡ്രഗ്സ് നല്ല പോലെ സപ്ലൈ ആകുന്നുണ്ടല്ലോ.. നമുക്ക് ഭയങ്കര തലവേദന ആണ് നിങ്ങളുടെ കോളേജ് കൊണ്ട്..’
അങ്ങേര് ഒരു അർഥം വച്ചെന്ന പോലെ പറഞ്ഞു
‘ആഹ്…’
അയാളുടെ സംസാരം എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലാകാഞ്ഞത് കൊണ്ട് ഞാൻ ഒരു ആഹ് മാത്രം റിപ്ലൈ കൊടുത്തു
‘അർജുന് ഇതിനെ കുറിച്ച് എന്തെങ്കിലും അറിയാമോ..? പറഞ്ഞാൽ ഞങ്ങൾക്ക് ഒരു ഹെല്പ് ആയേനെ..’
ഞാൻ ഒരല്പം പതറി. പക്ഷെ അത് പുറത്തു കാണിച്ചില്ല. കോളേജിൽ അത്യാവശ്യം ഡ്രഗ് ഡീലിങ്ങ്സ് നടക്കുന്നത് ഒക്കെ എനിക്ക് അറിയാം. അവരിൽ പലരെയും അറിയുകയും ചെയ്യാം. അതിൽ ഒരുത്തന്റെ കയ്യിൽ നിന്ന് ഒരു തവണ ഒരു പൊതി വാങ്ങിയിട്ടുമുണ്ട്.. എന്നാലും ഞാൻ ഒന്നും അറിയാത്തത് പോലെ മറുപടി കൊടുത്തു