കിച്ചപ്പാ എന്ന് വിളിച്ചു ക്രിസ്റ്റി പിന്നിലൂടെ വന്നപ്പോൾ ഇഷാനിയിൽ നിന്നും കണ്ണെടുത്തു കൃഷ്ണ തിരിഞ്ഞു നോക്കി. ആ സമയം തന്നെ ഇഷാനി മുന്നോട്ടു നടന്നു കൃഷ്ണയുടെ ദേഹത്ത് ചെറുതായി ഒന്ന് ഉരസി കടന്നു പോയി..
‘ഇവൾക്ക് കണ്ണും കാണില്ലേ..?
കൃഷ്ണയെ തട്ടിയിട്ട് പോയ ഇഷാനിയെ നോക്കി ക്രിസ്റ്റി പറഞ്ഞു.. ഇഷാനി അത് കേട്ടതായി പോലും ഭാവിക്കാതെ കടന്നു പോയി
ആ സംഭവത്തോടെ ഒരു കാര്യം കൃഷ്ണ തീർച്ചപ്പെടുത്തി.. ഇത്രയും നേരം തനിക്ക് തീർച്ച ഇല്ലാഞ്ഞ ആ കാര്യം തന്നെ.. അർജുന്റെ കാര്യത്തിൽ എന്ത് ചെയ്യരുത് എന്ന് ലച്ചു ഉപദേശിച്ചു വിട്ടോ അത് തന്നെ ചെയ്യാൻ കൃഷ്ണ തീരുമാനിച്ചു.. ഇഷാനിക്ക് മുന്നിൽ തോറ്റു കൊടുക്കാൻ കൃഷ്ണയുടെ ഈഗോ തയ്യാറായിരുന്നില്ല.. അർജുൻ തനിച്ചിരിക്കുന്ന ഒരു സമയം നോക്കി കൃഷ്ണ അവന്റെ അടുത്ത് ചെന്നു..
‘അയാം സോറി….’
കൃഷ്ണ അഭിനയം ആരംഭിച്ചു
അവൾ എന്തിനാണ് വന്നു സോറി പറയുന്നത് എന്ന് അർജുന് മനസിലായില്ല. സത്യത്തിൽ അവളോട് എത്ര സോറി പറഞ്ഞാലും പൊറുക്കാൻ പറ്റാത്ത അവരാതം ആണ് താൻ കാണിച്ചത് എന്ന് അർജുന് ബോധ്യം ഉണ്ട്. എന്നാൽ അവൾ ഇപ്പോൾ ഇങ്ങോട്ട് വന്നു സോറി പറയാൻ എന്താണ് ഉണ്ടായത് എന്ന് അർജുന് മനസിലായില്ല…
‘എന്താടി.. എന്തിനാ സോറി..?
അർജുൻ കാര്യം അറിയാതെ തിരക്കി
‘ഞാൻ.. ഞാൻ കാരണം അല്ലേ നിങ്ങളുടെ റിലേഷൻ കട്ട് ആയത്.. ഞാൻ ഒരിക്കലും മനഃപൂർവം ചെയ്തത് ആയിരുന്നില്ല. പക്ഷെ എന്നാലും ഞാൻ കാരണം നിന്റെ ഹാപ്പിനെസ്സ് പോയെന്ന് ഓർക്കുമ്പോ എനിക്ക് വിഷമം ഉണ്ട്..’