അടുത്ത ദിവസവും അവൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ അന്നും അവൾ വന്നില്ല.. അന്ന് ആണേൽ ഉച്ച കഴിഞ്ഞു ക്ലാസ്സ് കാണാൻ സാധ്യത ഇല്ലാത്തത് കൊണ്ട് പകുതി പിള്ളേരും ക്ലാസ്സിൽ ഇല്ലായിരുന്നു. പുറത്ത് ആണേൽ നല്ല മഴയും.. പുറത്തെ കോരിച്ചൊരിയുന്ന മഴയും ക്ലാസ്സിലെ കുട്ടികളുടെ ചലപില ശബ്ദവും ശ്രദ്ധിച്ചു കൊണ്ട് ഡെസ്കിൽ ചെവി വച്ചു ഞാൻ കിടന്നു.. ചെരിഞ്ഞു കിടന്നത് കൊണ്ട് അങ്ങേ അറ്റത്തു ഇഷാനി ഇരിക്കുന്നത് എനിക്ക് കാണാം.. ക്ലാസ്സിൽ ബൾബ് ഇട്ടിട്ടുണ്ട് എങ്കിലും മഴ കാരണം ജനാലകൾ എല്ലാം അടച്ചത് കൊണ്ട് ഇരുട്ടായിരുന്നു ക്ലാസിൽ കൂടുതൽ പരന്നത്..
ആ അരണ്ട വെളിച്ചത്തിൽ അവളെ നോക്കി കിടന്നപ്പോൾ അവളും ഇങ്ങോട്ട് നോക്കി കിടക്കുകയാണ് എന്ന് എനിക്ക് മനസിലായി.. ക്ലാസ്സ് ഇല്ലാത്തത് കൊണ്ട് രാഹുൽ ഉച്ചയ്ക്ക് വീട്ടിൽ പോയി. ആഷി മുന്നിൽ എവിടെയോ പാത്തുമ്മ ആയി സൊള്ളുന്നുണ്ട്.. ഞങ്ങൾ രണ്ട് പേരും അവളുമാരുടെ കൂടെ ആയാൽ രാഹുൽ പോസ്റ്റ് ആണെന്ന് അറിയുന്ന കൊണ്ട് അവൻ നേരത്തെ പോയി.. കൂട്ടത്തിൽ ഒരുത്തനു മാത്രം പെണ്ണില്ലേൽ അത് ഒരു പോസ്റ്റ് ആണ്.. ക്ലാസിൽ ഇപ്പൊ ഇത് പോലെ കുറച്ചു പ്രേമരോഗികളും പഠിപ്പികളും മാത്രം ഉണ്ട്. അവരെല്ലാം അവരവരുടെ തൊഴിലിൽ വ്യാപൃതരായിരുന്നു.. ഞാനും ഒറ്റയ്ക്ക് ആണ് അവളും ഒറ്റയ്ക്കാണ്. അത് കൊണ്ട് അവളുടെ അടുത്ത് പോയി ഇരിക്കാമെന്ന് ഞാൻ കരുതി. അങ്ങേ അറ്റത്തു ഏറ്റവും പിന്നിൽ ആയാണ് ഇഷാനി ഇരിക്കുന്നത്.. ഞാൻ ചെന്നു അവളുടെ അടുത്ത് ഇരുന്നു..