ഞാനും ഇഷാനിയും ഇന്ന് തമ്മിൽ മിണ്ടാഞ്ഞത് ഞങ്ങൾ അഭിനയിക്കുക ആണെന്നാണ് കൃഷ്ണ കരുതിയത്
‘നാടകം കളിച്ചതല്ല.. നീ സർപ്രൈസ് ആയി വീട്ടിൽ വന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു… നമ്മുടെ കാര്യം അവൾക്കും അറിയില്ലായിരുന്നു.. ബട്ട് നിന്റെ പെരുമാറ്റത്തിൽ നിന്ന് അവൾക്ക് എല്ലാം മനസിലായി.. അവളുടെ മുന്നിൽ ഇപ്പൊ ഞാൻ ചതിയൻ ആണ്.. ശരിക്കും ഞാൻ കാണിച്ചത് ചതി തന്നേ ആണ്.. നിങ്ങളോട് രണ്ട് പേരോടും….’
ഞാൻ അത് പറഞ്ഞതും കൃഷ്ണ തലയിൽ കൈ വച്ചു അടുത്തുള്ള ബൈക്കിലേക്ക് ചാരി ഇരുന്നു.. എല്ലാം പെട്ടന്ന് ഉൾക്കൊള്ളാൻ അവൾക്ക് സാധിച്ചില്ല.. അവളെ ആശ്വസിപ്പിക്കാൻ അറിയാതെ ഞാൻ സങ്കടത്തിൽ അവളുടെ സമീപം വെറുതെ നിന്നു.. എന്തോ ഭാഗ്യത്തിന് കൃഷ്ണ അവിടെ നിന്ന് കരയുന്നത് ആരും കണ്ടില്ല.. അവളുടെ കരച്ചിൽ മെല്ലെ ഒന്ന് ഒതുങ്ങിയപ്പോൾ അവളോട് സംസാരിക്കാൻ തുനിഞ്ഞു…
‘കൃഷ്ണ…..’
ഞാൻ ധൈര്യം സംഭരിച്ചു അവളെ വിളിച്ചു..
‘ഞാൻ പോകുന്നു…’
പെട്ടന്ന് കണ്ണ് തുടച്ചു കൊണ്ട് അവൾ എഴുന്നേറ്റു..
‘ എനിക്ക് നിന്നോട് എന്ത് പറയണം എന്നറിയില്ല.. ഇതിങ്ങനെ ആകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല…’
‘എനിക്ക് പോകണം.. ലച്ചു വൈകിട്ട് തിരിച്ചു പോകും…’
കൃഷ്ണ സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് പോലെ പറഞ്ഞു.. പിന്നെ എന്റെ മുഖത്ത് പോലും നോക്കാതെ അവൾ നടന്നകന്നു.. ഒരു തരത്തിൽ എനിക്ക് ഒരു ആശ്വാസം തോന്നി.. അവളുടെ മനസ്സിൽ ഞാൻ വെറുക്കപ്പെട്ടവൻ ആയെങ്കിലും ഇത് അവളോട് പറയാൻ കഴിഞ്ഞല്ലോ.. പക്ഷെ അപ്പോളും അവൾ അതോർത്തു എത്ര മാത്രം വേദനിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.. അതെന്നെ വിഷമിപ്പിച്ചു..