ഇഷാനിക്കൊപ്പം ബാക്കി ഉള്ളവരും അവരുടെ മ്യൂസിക് ചേർത്തപ്പോൾ ആണ് ആദ്യത്തെ സോങ് സ്റ്റാർട്ട് ആയി എന്ന് എനിക്ക് മനസിലായത്.. മഹാഗണപതിം എന്ന കീർത്തനം ആയിരുന്നു അവൾ ആദ്യം വായിച്ചത്.അവൾ നല്ല അസ്സലായി വായിക്കുന്നുണ്ട് എങ്കിലും രണ്ട് മിനിറ്റ് കഴിഞ്ഞപ്പോ എനിക്കൊരു പേടി ഉള്ളിൽ തോന്നി.. ഇവളിത് കച്ചേരി ആക്കുമോ..? ഇഷാനി കച്ചേരിക്ക് ഒക്കെ പോയി ശീലം ഉള്ള കുട്ടി ആണ്. ഇവിടുത്തെ ഓഡിയൻസിന് കച്ചേരി ഒന്നും സെറ്റ് ആകില്ല. അതാണ് സിനിമ പാട്ടൊക്കെ വച്ചു ഫ്യൂഷൻ ഞാൻ പ്ലാൻ ആക്കിയത്.. ഇവൾക്കത് മനസിലായില്ലേ..? ഒരുപക്ഷെ ആദ്യത്തെ ഗാനം ദൈവസ്തുതി ആയി തുടങ്ങിയത് ആകും.. ഞാൻ അവിടെ ഇരിക്കുന്ന എല്ലാവരുടെയും മുഖത്തേക്ക് നോക്കിയപ്പോളും ആരുടെ മുഖത്തും അസംതൃപ്തി ഒന്നുമില്ല..
എന്റെ ഈ ആശങ്കയ്ക്ക് ഇടയിൽ പാട്ട് ചേഞ്ച് ആയത് ഞാൻ പെട്ടന്ന് ശ്രദ്ധിചില്ല.. മഹാഗണപതിം വായിക്കുന്നതിന് ഇടയിൽ നിന്ന് എങ്ങനെയോ അവൾ എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു എന്ന പാട്ടിലേക്ക് ഷിഫ്റ്റ് ആയി.. ഹോ ഭാഗ്യം അവൾക്ക് കച്ചേരി അല്ല ഇതെന്ന് അറിയാം.. ഞാൻ ആശ്വസിച്ചു..
ആദ്യത്തെ രണ്ട് മൂന്ന് സോങ്‌സ് മെലഡീ ടൈപ്പ് ആയിരുന്നു.. പക്ഷെ വൻ ഫീൽ ഉണ്ടായിരുന്നു.. ഞാൻ ഇഷാനിയേയും ഓഡിയൻസിനെയും മാറി മാറി നോക്കും. എല്ലാവരും തലയാട്ടിയും താളം പിടിച്ചുമൊക്കെ പരുപാടി എൻജോയ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് മനസിലായി.. ഇപ്പോൾ തന്നെ അവൾ സമ്മതിച്ച മിനിറ്റിന്റെ പകുതി കഴിഞ്ഞിട്ടുണ്ട്. ഇനി അവൾ കറക്റ്റ് പത്തു മിനിറ്റ് ആകുമ്പോ നിർത്തുമോ..? സ്റ്റേജിൽ ഉള്ള അവളെക്കാൾ ടെൻഷൻ ഇപ്പോൾ ഇവിടെ നിൽക്കുന്ന എനിക്കാണെന്ന് തോന്നി.. ഇഷാനി കണ്ണടച്ചു വയലിൻ തന്റെ തോളോട് ചേർത്ത് ആസ്വദിച്ചു വായിക്കുകയാണ്.. ടെൻഷൻ ഒന്നും ഇപ്പോൾ അവളുടെ മനസിലില്ല…