എന്റെ കയ്യിൽ വാച്ച് കിടക്കുമ്പോ അവൾ അത് ശ്രദ്ധിക്കണം എന്നായിരുന്നു എന്റെ മനസ്സിൽ. പക്ഷെ അവളെ കണ്ടപ്പോൾ ഞാൻ ആ കാര്യമേ വിട്ടു പോയി.. കാരണം അവൾക്ക് ചെറിയൊരു മാറ്റം ഉണ്ടായിരുന്നു.. അവളുടെ മുടിയിഴകളിൽ ഒരു ചുവപ്പ് നിറം.. ഇഷാനി മുടി ചെറുതായ് കളർ ചെയ്തിട്ടുണ്ട്..
‘ആഹാ ഇതെപ്പോ ചെയ്തു…?
ഞാൻ മുടിയിലേക്ക് നോക്കി ചോദിച്ചു
‘ഇന്നലെ വന്നിട്ട് നീ കണ്ടില്ലേ..?
അവൾ തിരിച്ചു ചോദിച്ചു. ഇന്നലെ ലൈബ്രറി വച്ചു ഞാൻ അവളോട് സംസാരിച്ചതാണ്. എന്നിട്ടും ഞാൻ എന്താ ഇത് കാണാഞ്ഞത്.. ഒരുപക്ഷെ ഇന്നലെ അവളുടെ കയ്യിലെ ചെയിൻ കാണാനുള്ള തിടുക്കത്തിൽ തലമുടി ഞാൻ ശ്രദ്ധിക്കാഞ്ഞത് ആകും
‘ഇന്നലെ ശ്രദ്ധിച്ചില്ല.. ഇപ്പോളല്ലേ നിന്നെ മര്യാദക്ക് കാണുന്നത്.. അടിപൊളി ആയിട്ടുണ്ടല്ലോ…’
ഞാൻ അവളെ ഒന്ന് പൊക്കിയടിച്ചു.. ശരിക്കും അവൾക്ക് ചേരുന്നുണ്ടായിരുന്നു കളർ ചെയ്തത്. ഹോളിയുടെ അന്ന് അവളുടെ മുടിയിൽ ചുവന്ന കളർ വീണപ്പോൾ ചേരുന്നുണ്ട് എന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു.. അത് കഴിഞ്ഞാണ് അവൾ മുടി കളർ ചെയ്തത്.. ഞാൻ അത് ഓർത്തതെ ഇല്ല.. ഞാൻ പുകഴ്ത്തിയപ്പോൾ അവളുടെ കവിളുകൾ മുടിയിഴകളെക്കാൾ ചുവന്നു തുടുത്തത് പക്ഷെ ഞാൻ ശ്രദ്ധിച്ചു..
‘മൊത്തം ബിസി ആയിരുന്നല്ലോ.. ഞാൻ കരുതി സ്റ്റേജിൽ കയറി എന്തേലും പരുപാടി ഉണ്ടാകുമെന്ന്..’
അവൾ ചോദിക്കുന്നതിനിടയിൽ എന്റെ കയ്യിലേക്ക് നോക്കുന്നതും വാച്ച് ശ്രദ്ധിച്ചതും ഞാൻ ശ്രദ്ധിച്ചു.
‘സ്റ്റേജിൽ കയറി കളിക്കാൻ ഒന്നും നമുക്ക് കഴിവില്ലല്ലോ.. ഗ്രൗണ്ടിൽ ആണേൽ പിന്നെയും നടന്നേനെ.. ആർട്സ് ഒക്കെ നിനക്ക് അല്ലേ കഴിവ്.. എന്നിട്ട് നിന്നെ കണ്ടില്ലല്ലോ സ്റ്റേജിൽ…’