‘മുക്കെടാ അവളെ കളറിൽ…’
എന്റെ അകക്കിനവുകളെ തകർത്തത് ആഷിക്കിന്റെ അലർച്ച ആയിരുന്നു.. ഞാൻ അപ്പോൾ കണ്ടത് കളർ മുഖത്ത് തേക്കാതെ ഇരിക്കാൻ മുഖം പൊത്തി നിൽക്കുന്ന ഇഷാനിയുടെ തലയിലൂടെ ചുമന്ന കളർ ഒഴിക്കുന്ന ആഷിയെ ആണ്..
‘എടാ എനിക്ക് കടയിൽ പോകേണ്ടതാ.. പ്ലീസ് പ്ലീസ്…’
ഇഷാനി അവനോട് കെഞ്ചുന്നത് ഞാൻ കേട്ടു.. അവനുണ്ടോ വിടുന്നു
‘ഇന്ന് ഹോളി ആയത് കൊണ്ട് നീ ലീവ്…’
അവളെ നിറങ്ങളിൽ കുളിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.. അവന്റെ ഒപ്പം ബാക്കി എല്ലാവരും ഉണ്ടായിരുന്നു.. സ്വബോധം തിരിച്ചു കിട്ടിയ ഞാനും അവരുടെ ഒപ്പം ചേർന്നു…
വിശന്നു ചാകാൻ കിടന്നവന് അക്ഷയ പാത്രം കിട്ടിയ അവസ്‌ഥ ആയിരുന്നു എന്റേത്.. എന്റെ മനസ് എത്രത്തോളം സന്തോഷത്തിൽ തുടിക്കുന്നുണ്ട് എന്ന് എനിക്ക് പറഞ്ഞറിയിക്കാൻ സാധിച്ചില്ല.. എല്ലാം പഴയത് പോലെ ആയിരിക്കുന്നു.. ഇഷാനി എന്റേത് ആയിരിക്കുന്നു…
പെട്ടന്ന് ആ ചിന്തകൾക്ക് മേൽ ഞാൻ ഒരല്പം കൂടി ആഴം കൊണ്ടു.. അവളിപ്പോ എന്നോട് കാണിച്ചത് സൗഹൃദം ആണ്.. അതിന് പഴയത് പോലെ പ്രണയം ആയി ബന്ധം ഒന്നും ഉണ്ടാവണം എന്നില്ല. ഫെയർവെൽ അന്ന് അവളോട് സംസാരിച്ച കാര്യം രേണു എന്നോട് പറഞ്ഞിരുന്നു. അവൾ പഴയത് പോലെ ആക്റ്റീവ് ആകുക ആണ് എനിക്ക് വേണ്ടതെന്നു താൻ പറഞ്ഞെന്ന് രേണു പറഞ്ഞിരുന്നു.. ഒരുപക്ഷെ അതാവും ഇത്.. ഇഷാനി ഞങ്ങളുടെ പഴയ ഇഷാനി ആയി തിരിച്ചു വന്നതാണ്.. എന്റെ ഇഷാനി ആയല്ല…
അതാലോചിച്ചു എനിക്ക് വിഷമം ഒന്നും ഉണ്ടായില്ല.. ഇത് തന്നെ ആണ് ശരി. ഇത്രയുമേ പാടുള്ളു.. അവളുമായി നല്ല രീതിയിൽ നിൽക്കുമ്പോ കോളേജ് അവസാനിക്കുന്നത് എനിക്ക് കിട്ടിയ ഭാഗ്യം ആണ്.. ഒരു സുഹൃത്തായി എങ്കിലും അവളുടെ മനസ്സിൽ ഞാൻ ഉണ്ടാകുമല്ലോ.. അത് മതി.. ആ ആഘോഷങ്ങൾക്ക് ഇടയിലും ഞാൻ അതെല്ലാം മനസ്സിൽ ചിന്തിച്ചു കൂട്ടുന്നുണ്ടായിരുന്നു…