‘എടാ ഇന്ന് ഹോളി ആണെന്ന്…’
‘ഹോളിയോ..? ഇന്നോ..? എത് താളി ആണ് അത് പറഞ്ഞത്…?
ഞാൻ തിരിച്ചു ചോദിച്ചു
‘ഏത് വ്യാളി ആണെന്ന് അറിയില്ല.. ആരൊക്കെയോ ഹോളി ആണെന്ന് പറഞ്ഞു കളർ വാരിയേറു തുടങ്ങിയിട്ടുണ്ട് പുറത്ത്..’
ആഷിക്ക് പറഞ്ഞു.
കോളേജ് അവസാനിക്കുന്നതിന്റെ ഭാഗം ആയി ആർക്കോ തോന്നിയ ഐഡിയ ആണ് ചുമ്മ ഒരു ഹോളി ആഘോഷം. കലണ്ടർ അനുസരിച്ചു ഹോളി അല്ലാത്തത് കൊണ്ട് കോളേജിനു ഉള്ളിൽ ആഘോഷിക്കാൻ ആർക്കും പെർമിഷൻ കിട്ടിയില്ല. അത് കൊണ്ട് കോളേജിനു പുറത്തായിരുന്നു എല്ലാം.. എന്നാൽ പിന്നെ ഇന്ന് തന്നെ ഹോളി ആഘോഷിക്കാം എന്ന് ഞങ്ങളും വച്ചു…
കോളേജ് ഗേറ്റ് തൊട്ട് റോഡിലേക്കുള്ള നടപ്പാത വരെയും ആളുകൾ രണ്ട് സൈഡിലും നിന്ന് കളർ വാരി എറിയുന്നുണ്ടായിരുന്നു. എന്തിന് റോഡിൽ പോലും ചിലർ ആഘോഷം തുടങ്ങി.. കോളേജ് കഴിഞ്ഞു വരുന്ന പിള്ളേരെ എല്ലാം കളറിൽ മുക്കിയേ പുറത്തേക്ക് വിട്ടുള്ളു. പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും എല്ലാം ഒരു ദാക്ഷിണ്യവും കൂടാതെ കളറിൽ വാരി പൊത്തി.. അതിൽ നിന്ന് ആർക്കും ഒരു പരിഗണന ഇല്ലായിരുന്നു. ഞാനും രാഹുലും കൃഷ്ണയും ആഷിക്കും റോസുമെല്ലാം ഇപ്പോൾ തന്നെ പലതരം കളറുകളിൽ മുങ്ങി ഒരു പരുവം ആയിരുന്നു.. ആഘോഷങ്ങൾ പൊടി പൊടിക്കുന്നതിന് ഇടയിലാണ് ദൂരെ നിന്നും ഇഷാനി വരുന്നത് ഞാൻ കണ്ടത്..
നിറങ്ങൾ വാരി വിതറുന്ന കുട്ടികൾക്ക് ഇടയിലൂടെ ദേഹത്ത് നിറം വീഴാതെ ശ്രദ്ധിച്ചു അവൾ വരുന്നത് ഞങ്ങൾ എല്ലാം കണ്ടു.. ഒരു കൈ കൊണ്ട് അരുതെന്ന ആംഗ്യത്തിൽ ആയിരുന്നു അവളുടെ നടത്തം.. അത് കൊണ്ട് ആരും അവളുടെ ദേഹത്ത് കളർ എറിഞ്ഞില്ല.. സാധാരണ അങ്ങനെ പറഞ്ഞാൽ ഒന്നും ആരെയും വെറുതെ വിടുന്നത് അല്ല. പക്ഷെ ഇഷാനിയെ ആരും ഒന്നും ചെയ്തില്ല.. എറിയാൻ മുതിർന്നവരോട് ഒക്കെ കൂടെ ഉള്ളവർ റീന റീന എന്ന് അടക്കം പറഞ്ഞു.. എന്റെ കമ്പിനിക്കാരി ആയത് കൊണ്ട് അവൾ പറഞ്ഞത് അവര് ഒരു ബഹുമാനം പോലെ അവളെ ഒഴിവാക്കി.. ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചില്ല.. എന്നേ പോലും വെറുതെ വിടാത്തവർ എന്റെ പേരിൽ അവളെ ഒഴിവാക്കുന്നു..