ബസ് വരുന്നത് വരെ, ആരൊക്കെയോ സ്നേഹാന്വേഷണങ്ങൾ നടത്തി. അമ്മു എല്ലാവരോടും ചിരിച്ചു മറുപടി പറഞ്ഞു. എറണാകുളത്ത് എത്തിയാൽ ഇങ്ങനെ കുശലാന്വേഷണം നടത്താൻ ആർക്കെങ്കിലും സമയം കാണുമോ? അടുത്ത് താമസിക്കുന്നവരെ പോലും അറിയില്ല. നാട്യങ്ങളുടെ മഹാസാഗരം, നഗരം.
ബസ് വന്നു, അമ്മു കയറി, അച്ഛൻ ബാഗ് കയറ്റി വച്ച് തന്നിട്ട് ഇറങ്ങി. സ്ഥിരം പോകുന്ന ബസ് ആയത് കൊണ്ട് നല്ല സഹകരണം ആണ് ജീവനക്കാരിൽ നിന്ന്. ടിക്കറ്റ് എടുത്തു ഷാൾ തലയിൽ കവർ ചെയ്തു വച്ച് തന്നെ സൈഡ് ഗ്ലാസ് ൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു. ഒന്ന് മയങ്ങാൻ ഉള്ള സമയം ഉണ്ട്. ഒൻപത് മണി ആവും ബസ് കാക്കനാട് എത്തുമ്പോൾ, ജിമ്മി ബസ് സ്റ്റാൻഡ് ൽ വന്നുകൊള്ളും. ഇനി വൈകിട്ട് അനു ൻ്റെ അടുത്ത് പോവണം സാധനങ്ങൾ എല്ലാം ആയിട്ട്. അവൾ ആണെങ്കിൽ ലോക മടിച്ചി ആണ്. ജിമ്മിയോട് അവിടെ വരെ കൊണ്ട് കൊടുക്കാൻ പറയാം, എനിക്ക് വയ്യ.
അമ്മു പതിയെ ഉറക്കത്തിലേക്ക് വഴുതി. ബസ് ൽ മാർക്കോസ് തൻ്റെ സ്വര ഗാംഭീര്യത്തിൽ ആലപിച്ച ഭക്തി ഗാനങ്ങൾ പാടുന്നുണ്ട്. വളഞ്ഞു പുളഞ്ഞുള്ള റോഡ് ലൂടെ നേർത്ത മഞ്ഞു പടലങ്ങളെ കീറിമുറിച്ചു ആ ബസ് തൊടുപുഴ ലക്ഷ്യമാക്കി പാഞ്ഞു, അവിടെ നിന്നും എറണാകുളത്തേക്കും.
അതെ സമയം അനു കണ്ണ് തിരുമ്മി എഴുനേറ്റു ചായ ഉണ്ടാക്കുന്നു. അതും അവളുടെ കെട്ടിയോൻ വിളിച്ചു എഴുന്നേല്പിച്ചപ്പോൾ ആണ്. വെളുപ്പാൻ കാലത്ത് ഉറക്കത്തിൽ എപ്പോളോ പെട്ടന്ന് ഓര്മ വന്നപ്പോൾ ആണ് അമ്മു നെ വിളിച്ചു തേങ്ങാ വേണം എന്നൊക്കെ പറഞ്ഞത്. എന്നിട്ട് അതെ പോലെ തന്നെ വീണ്ടും കിടന്നുറങ്ങി. ഇപ്പോൾ വിളിച്ചെഴുന്നേല്പിച്ചതിനു കെട്ടിയോനെ ശപിച്ചു കൊണ്ട് ആണ് ചായ ഉണ്ടാകുന്നത്. മുഖം ഒക്കെ വീർത്തു ഇരിപ്പുണ്ട്, ഉറക്കം മുറിഞ്ഞതിൻ്റെ ദേഷ്യത്തിൽ. കണ്ണുകൾ ഇപ്പോളും പാതി ഉറക്കത്തിൽ തന്നെ ആണ്. മുട്ടോളം എത്തുന്ന ഒരു പാവാടയും ബ്ലൗസ് ഉം ആണ് വേഷം.