“അത് എനിക്കുമില്ലെടാ മൈരേ” എന്ന് പറഞ്ഞു കൊണ്ട് വാസു ചാടി വീണു. മഹേഷിന് ഒരു അബദ്ധം പറ്റിയിരുന്നു, ഐശ്വര്യയോട് സംസാരിക്കുന്ന സമയത്ത് വാസു കുറച്ച് അടുത്തു വന്നത് ശ്രദ്ധിച്ചില്ല. വാസു മഹേഷിന്റെ പുറകിൽ നിന്ന് ശരീരം ചുറ്റി ഒരു പിടുത്തമിട്ടു. അടുത്തത് എന്താണ് വരാനിരിക്കുന്നതെന്ന് മഹേഷിന് അറിയാമായിരുന്നു. പൊക്കി നിലത്തു വാരിയലക്കൽ ആണ് വാസുവിന്റെ പതിവ്.
വാസുവിന്റെ ആ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് മഹേഷ് പുറകോട്ട് വാസുവിന്റെ ഇടതു കാൽ മുട്ടിനു താഴെ ഒരു ചവിട്ട് കൊടുത്തു. വാസു ബാലൻസ് തെറ്റി താഴെ വീഴാൻ പോയ നിമിഷത്തിൽ അയാളുടെ പിടി അയഞ്ഞു. മഹേഷ് ഒന്ന് കുനിഞ്ഞ് വാസുവിനെ മുതുകിനു മുകളിലൂടെ പൊക്കിയെടുത്തു അവിടെ കിടന്ന മേശപ്പുറത്തേക്ക് എറിഞ്ഞു. “പ്ഠേ” മേശയുടെ പലകകളിൽ പൊട്ടലുണ്ടായി, വാസു ഉരുണ്ട് താഴെ നിന്നു. അയാൾ മഹേഷിനടുത്തേയ്ക്ക് പാഞ്ഞു ചെന്നു.
“ധും” മഹേഷ് മിന്നൽ വേഗത്തിൽ ഇടതു കാൽ പൊക്കി വാസുവിന്റെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തു. വാസുവിന് ശ്വാസം മുട്ടി, അയാൾ ഭിത്തിയിൽ ഇടിച്ചു നിന്നു. ഐശ്വര്യ ഒരു കസേര വലിച്ചിട്ട് അതിൽ ഇരുന്നു. രണ്ട് കാളക്കൂറ്റന്മാരെപ്പോലെ അവർ ഏറ്റുമുട്ടി. വാസുവിന്റെ ഇടികൾക്ക് കിലോക്കണക്കിന് ഭാരമുണ്ടായിരുന്നു, അവയേറ്റ് മഹേഷ് പുളഞ്ഞു പോയി.
തിരിച്ചടിക്കാൻ വാസു അവസരമുണ്ടാക്കുന്നില്ല. മഹേഷ് കാലു കൊണ്ട് വാസുവിന്റെ മുട്ടിന് താഴെ വെട്ടി, ഒന്ന്, രണ്ട്, മൂന്ന്, വാസു വേദന കൊണ്ട് പുളഞ്ഞു. അടുത്ത വെട്ടിനു കാൽ വന്നപ്പോൾ അയാൾ കൈ അറിയാതെ താഴേക്ക് താഴ്ത്തി, ഇതായിരുന്നു മഹേഷ് കാത്തിരുന്ന അവസരം.