വാതിലിൽ ഒരു മുട്ട് കേട്ടു, എന്ത് വേണമെന്ന് സോമൻ വാസുവിനോട് ആംഗ്യഭാഷയിൽ ചോദിച്ചു. കതക് തുറക്കാൻ അയാൾ കൈ കൊണ്ട് കാണിച്ചു. സോമൻ കതകു തുറന്നതും ശക്തമായ ഒരടിയേറ്റ് അയാൾ പുറകോട്ട് വേച്ചു പോയി. മഹേഷ് വാതിലിലൂടെ അകത്തേക്ക് കയറി വന്നു, അയാൾ മുണ്ട് മടക്കിക്കുത്തി.
ചാക്കോ പുറത്ത് കാറിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു.”തല്ലിക്കൊല്ലെടാ ഈ നായിന്റെ മോനെ” വാസു അലറി. സോമൻ കത്തിയെടുത്തു കൊണ്ട് ചാടി വീണു. അയാൾ കത്തി മഹേഷിന് നേരെ വീശി മഹേഷ് മിന്നൽ വേഗത്തിൽ ഒരു വശത്തേക്ക് മാറിക്കൊണ്ട് സോമന്റെ താടിയിൽ ശക്തമായ ഒരിടി സമ്മാനിച്ചു.
വീണ്ടും കുത്താനാഞ്ഞ സോമന്റെ കൈയിൽ മഹേഷ് പിടുത്തമിട്ടു, അയാളാ കൈയിൽ പിടിച്ചൊന്നു തിരിച്ചു, കത്തി താഴെ വീണു, അത് മഹേഷ് ചവിട്ടിത്തെറിപ്പിച്ചു. ആയുധം നഷ്ടപ്പെട്ട സോമൻ വെറും കൈ കൊണ്ട് മഹേഷിനെ ആഞ്ഞിടിച്ചു, ഒഴിഞ്ഞു മാറിയ മഹേഷിന്റെ ശക്തമായ ഒരിടിയിൽ സോമൻ അറിയാതെ കുനിഞ്ഞു പോയി, അതേ സമയം മഹേഷിന്റെ വലതു കൈ മുട്ട് സോമന്റെ തലയിൽ ടക്ക് എന്ന ശബ്ദത്തോടെ പതിച്ചു. “ആ” സോമൻ രണ്ട് കൈ കൊണ്ടും തലയുടെ രണ്ടു വശത്തും പിടിച്ചു കൊണ്ട് താഴേയ്ക്കിരുന്നു പോയി.
ഒരു ചവിട്ട് കൂടി, സോമൻ മുറിയുടെ മൂലയിൽ ചുരുണ്ടു കിടന്നു ഞരങ്ങി. വാസു മഹേഷിനെ നോക്കി, ഇവൻ തൊഴിൽ അറിയാവുന്നവനാണ്, കത്തി കൊണ്ട് എത്രയോ പേരുടെ ദേഹത്തു ചിത്രപ്പണി നടത്തിയ സോമനാണ് അടി കൊണ്ട് താഴെ കിടക്കുന്നത്. മഹേഷ് ഐശ്വര്യയോട് പറഞ്ഞു “ഞാൻ നിയമം കൈയിലെടുക്കുകയാണെന്ന് കരുതരുത് മാഡം, വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതി ശീലമില്ല അത് കൊണ്ടാണ്”.