പിന്നെ ചന്ദ്രൻ പിള്ളേ ഞാൻ മുടക്കിയ ലക്ഷങ്ങൾ എനിക്ക് തിരിച്ചു തരുമ്പോൾ നാരായണന് എത്രയാ ലാഭം? കോടികൾ!! അത് ഞാൻ വിട്ടു കൊടുക്കണം അല്ലേ?” അയാൾ ഒരു പുച്ഛച്ചിരി ചിരിച്ചു. വാസു അയാളോട് അടുത്തു, ആദ്യ അടി എങ്ങനെ വേണം എന്ന് ആലോചിച്ചു നിൽക്കെ കതകിൽ മുട്ട് കേട്ടു.
ചന്ദ്രൻ പിള്ള പോയി കതക് തുറന്നു. വാസു ഒരു ബലത്തിനായി കൂടെ കൂട്ടിയ ഗുണ്ടയാണ്, കത്തി സോമൻ, “അണ്ണാ പോലീസ്” അയാൾ പറഞ്ഞു.”ങ്‌ഹേ” വാസു അവിടെകിടന്ന ഒരു പഴന്തുണി എടുത്ത് പണിക്കരുടെ വായിൽ തിരുകി, അയാളുടെ കൈ രണ്ടും പുറകിൽ ചേർത്ത് കെട്ടി.അതേ സമയം താഴത്തെ നിലയിൽ എസ് ഐ ഐശ്വര്യ എത്തിക്കഴിഞ്ഞിരുന്നു.
നാരായണ പിള്ള അവിടെ ചോറുണ്ടു കൊണ്ടിരിക്കുന്നു.”മാഡം വരണം, ഇരിക്കണം” അയാൾ ക്ഷണിച്ചു. ഐശ്വര്യ ചുറ്റും നോക്കി ഒരു മേശയും രണ്ടു കസേരയും മാത്രമുള്ള മുറി. മറ്റാരും അവിടെയില്ല. വിജനമായ വഴിയിലൂടെ ഒറ്റയ്ക്ക് ജീപ്പിൽ വരുമ്പോൾ അത് മണ്ടത്തരം ആയോ എന്നൊരു സംശയം തോന്നിയിരുന്നു. ഐശ്വര്യ ഒരു കസേരയിലിരുന്നു.
“മിസ്റ്റർ സോമശേഖര പണിക്കരെ ഇന്നലെ മുതൽ കാണാനില്ല എന്നൊരു പരാതി കിട്ടിയിട്ടുണ്ട്, താങ്കൾക്ക് എന്തെങ്കിലും വിവരം നൽകാനുണ്ടോ എന്നറിയാനാണ് ഞാൻ വന്നത്” അവൾ കാര്യത്തിലേക്ക് കടന്നു. നാരായണ പിള്ള പെട്ടെന്നൊരു മറുപടി പറഞ്ഞില്ല, വായിൽ കിടന്ന ചോറുരുള ചവച്ചു കൊണ്ടിരുന്നതല്ലാതെ. ഇത്രയും പെട്ടെന്ന് പോലീസിൽ പരാതി കൊടുക്കുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നില്ല.
“മാഡം ഞാൻ അയാളെ കണ്ടിട്ട് കുറെ ദിവസമായി, ഇത് മാഡം ഫോൺ ചെയ്തു ചോദിച്ചിരുന്നെങ്കിൽ ഞാൻ പറയുമായിരുന്നല്ലോ” അയാൾ ഒഴിഞ്ഞു മാറി.”പണിക്കരുടെ ഫോണിന്റെ അവസാനം കിട്ടിയ ലോക്കഷൻ ഇവിടെയൊക്കെ ആയതു കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്” പിള്ളയെ പൂട്ടാൻ ഒരു ശ്രമം.