അവർ കവലയിൽ നിന്ന് കുറച്ച് ദൂരം സഞ്ചരിച്ചു, ഇടത്തേക്ക് കണ്ട മൺപാതയിലേക്ക് ചാക്കോ കാർ തിരിച്ചു. മൺപാതയിലൂടെ കുറച്ച് ദൂരം പോയപ്പോൾ ഇടത് വശത്തു റോഡിൽ നിന്ന് മാറി പാർക്ക് ചെയ്തിരിക്കുന്ന പണിക്കരുടെ കാർ കണ്ടു.
“ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം” ചാക്കോ വലത് വശത്തു കണ്ട ചെറിയ ഇടവഴിയിലൂടെ കയറിപ്പോയി. കാറിൽ കാക്കകൾ കാഷ്ഠിച്ചും മറ്റും വൃത്തികേടായിരുന്നു. ഇനി ഇത് മുഴുവൻ കഴുകേണ്ടി വരുമല്ലോ എന്നാലോചിച്ചു കൊണ്ട് മഹേഷ് അവിടെ നിന്നു.
******
“ടോ പണിക്കരെ, താൻ ഈ പേപ്പറിൽ ഒരു ഒപ്പ് ഒരേ ഒരു ഒപ്പിട്ടാൽ തനിക്കും എനിക്കും വീട്ടിൽ പോകാം” ചന്ദ്രൻ പിള്ള ഒരു കടലാസ് പൊക്കിപ്പിടിച്ചു പണിക്കരുടെ മുൻപിൽ നിന്നു. “താൻ ഇത് വരെ ലേലത്തിന് മുടക്കിയ മുഴുവൻ കാശും പിള്ള മുതലാളി തനിക്ക് തരും, പിന്നെന്താ പ്രശ്നം? ഒരു നഷ്ട്ടോമില്ല” അയാൾ തുടർന്നു.
ചന്ദ്രൻപിള്ള മദ്യ ലഹരിയിൽ ആയിരുന്നു.”ഇയാൾക്ക് കാര്യങ്ങൾ പറഞ്ഞിട്ട് മനസിലാകുന്നില്ലേ പിള്ളേ?, ഞാൻ ഇടപെടണോ?” വാസു വാതിൽ തുറന്ന് കടന്നു വന്നു.അയാൾ പറഞ്ഞു “ഇന്നലെ മുതൽ ഇത് വരെ നമ്മൾ ഇയാളെ വേദനിപ്പിച്ചിട്ടില്ല, പക്ഷെ ഇനി അതങ്ങനെ തന്നെയാവണം എന്നില്ല”. നാരായണ പിള്ളയുടെ കൂപ്പിലെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു അവർ.
പണിക്കരെ ഇവിടെ കൊണ്ട് വരുമ്പോൾ പെട്ടെന്ന് കാര്യങ്ങൾ സമ്മതിക്കും എന്ന ധാരണയിലായിരുന്നു അവർ. പക്ഷെ ഒരു ദിവസം കഴിഞ്ഞിട്ടും പണിക്കർ കുലുങ്ങിയില്ല.കസേരയിലിരുന്ന പണിക്കർ വാസുവിനെ നോക്കിപ്പറഞ്ഞു “നീ വേദനിപ്പിച്ചു നോക്കെടാ, എന്റെ ദേഹം വേദനിച്ചാൽ പിന്നെ നീ ജീവനോടെ ഉണ്ടാകില്ല,