ചാക്കോ വിറച്ചു പോയി. അയാൾ ഇന്ദിരാമ്മയെ നോക്കി അവർക്ക് ഒരു കൂസലും ഇല്ലായിരുന്നു. ഇവർക്കിത്ര ധൈര്യമോ? ചാക്കോ ഓർത്തു. “എന്താ അവിടെ?” പെട്ടെന്ന് ആ മുറിയിൽ നിന്ന് ഐശ്വര്യയുടെ ശബ്ദം ഉയർന്നു. “ഇതാ മറ്റേ പണിക്കരുടെ ഭാര്യയാണ് മാഡം, വെറുതെ ഇവിടെ വന്ന് അലമ്പുണ്ടാക്കുകയാ” തങ്കപ്പൻ പിള്ള ഹാഫ് ഡോർ തുറന്ന് ഇന്ദിരാമ്മയെ ചൂണ്ടി പറഞ്ഞു.”മറ്റേ പണിക്കരോ? താൻ എന്തൊക്കെയാടോ ഈ പറയുന്നത്? അവരെ ഇങ്ങോട്ട് കടത്തി വിട്” ഐശ്വര്യയുടെ ആജ്ഞ കെട്ട് തങ്കപ്പൻ പിള്ള ഡോർ തുറന്ന് പിടിച്ചു നിൽപ്പായി.
ചാക്കോയും ഇന്ദിരാമ്മയും അകത്തു കടന്നു, കാര്യങ്ങൾ പറഞ്ഞ് എഴുതിക്കൊണ്ട് വന്ന പരാതി കൊടുത്തു.”ഈ സോമശേഖരപ്പണിക്കർക്ക് ശത്രുക്കളായിട്ട് ആരെങ്കിലും?” കാര്യങ്ങൾ കേട്ട ഐശ്വര്യ ചോദിച്ചു “അത് ചില ആളുകളൊക്കെയുണ്ട് മാഡം, കഴിഞ്ഞ ഉത്സവത്തിന് പണിക്കർ സാറിനെ തല്ലിയ ഒരു കേസ് ഈ സ്റ്റേഷനിൽ തന്നെയുണ്ട്, പ്രതികൾ ആരാണെന്ന് ഇത് വരെ അറിയില്ല” ചാക്കോ പറഞ്ഞു.
“നാരായണ പിള്ള, പിന്നെ അയാളുടെ ശിങ്കിടികൾ ചന്ദ്രൻ പിള്ളയും വാസുവും ഒക്കെ” ഇന്ദിരാമ്മ പെട്ടെന്ന് പറഞ്ഞു “കഴിഞ്ഞ ദിവസം തടി ലേലം പിടിച്ചതുമായി ബന്ധപ്പെട്ട് അവർക്ക് ദേഷ്യമുണ്ട് മാഡം” അവർ പറഞ്ഞു. “ഓക്കേ, ഞാൻ ആദ്യം ഇവിടെ വന്നപ്പോൾ ചില അബദ്ധങ്ങൾ പറ്റി, പിന്നീട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്, നിങ്ങളുടെ ഒരു ഡ്രൈവർ ഉണ്ടായിരുന്നല്ലോ അയാൾ എവിടെ?” ഐശ്വര്യ ചോദിച്ചു.
“ഇവിടെയുണ്ട് മാഡം ഇങ്ങോട്ട് വരാൻ മടിയായിട്ട് കവലയിൽ നിക്കുവാ” ചാക്കോ പറഞ്ഞു.”അയാളെ എനിക്കൊന്ന് കാണണം, ശരി പണിക്കരുടെ ഫോൺ നമ്പർ കൂടി തന്നേക്കു ഞാൻ അന്വേഷിക്കാം” എസ് ഐ യുടെ ഈ ഉറപ്പ് തത്കാലം ഇന്ദിരാമ്മയ്ക്ക് ആശ്വാസം നൽകി. അവരെ വീട്ടിലെത്തിച്ചിട്ട് ചാക്കോയും മഹേഷും പുറത്തേക്കിറങ്ങി “എനിക്ക് ഒരു സ്ഥലം അറിയാം, നീ ഇത് ആരോടും പറയരുത്, നമുക്ക് അവിടെ വരെയൊന്നു പോയി നോക്കാം” ചാക്കോ പറഞ്ഞു കൊണ്ട് കാറിൽ കയറി.