അത് വഴി പുറത്തെത്തിയാൽ രക്ഷപെടാം. മഹേഷ് വാസുവിന്റെ പുറകെ പോയി, അകത്തെ മുറിയിൽ നിന്ന് വാസുവിന്റെ നിലവിളി ഉയർന്നു. അതേ സമയം പുറത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നു.
********
“വാസുവിനെ ഇനി ഗുണ്ടാപ്പണിയ്ക്കൊന്നും കൊള്ളില്ലെന്നാ കേട്ടത്” കവലയിലെ ചായക്കടയിലേക്ക് കയറി വന്ന ഒരാൾ പറഞ്ഞു.”അവനെ ജയിലിലേക്ക് കൊണ്ട് പോയോ?” ചായ കുടിച്ചു കൊണ്ടിരുന്ന ഒരാൾ ചോദിച്ചു.”ഹേയ് ഇല്ല പോലീസ് കാവലിൽ ആശുപത്രിയിൽ തന്നെയാ, ഇഞ്ച ചതയ്ക്കുന്നത് പോലല്ലേ ചതച്ചു കളഞ്ഞത്”
“ആര്?”
“നമ്മുടെ സ്റ്റേഷനിൽ വന്ന പുതിയ എസ് ഐ അല്ലാതാര്”
“അവരെക്കണ്ടാൽ പറയില്ലല്ലോ ഇത് പോലെ അടിക്കുമെന്ന്”
“അതിനേ തൊഴിൽ അറിയണം തൊഴിൽ, വാസു ട്യൂബിലൂടാ ഭക്ഷണം കഴിക്കുന്നത് താടിയെല്ലൊക്കെ തകർത്തു കളഞ്ഞു അവര്”
കേട്ടവർ ഭയങ്കരി തന്നേ എന്ന് അത്ഭുതപ്പെട്ടു. അവിടെ ചായ കുടിച്ചു കൊണ്ടിരുന്ന ചാക്കോ ഒന്നും മിണ്ടാതെ ഊറിച്ചിരിച്ചു.
മഹേഷും രണ്ട് ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു, നാരായണ പിള്ള വല്ല കേസും കൊടുത്താൽ രക്ഷപെടാൻ ആയിരുന്നു അത്. പണിക്കർ നാരായണ പിള്ളയ്ക്കെതിരെ കേസ് കൊടുക്കാൻ വിസമ്മതിച്ചു “അവനിട്ടു പണി ഞാൻ തന്നെ കൊടുക്കും എന്ന് വീമ്പിളക്കിക്കൊണ്ട് വീട്ടിലേക്ക് പോയി”.
പണിക്കർ തിരിച്ചു വന്നതിൽ ഇന്ദിരാമ്മയ്ക്കുണ്ടായ ആശ്വാസവും സന്തോഷവും അധിക ദിവസം നീണ്ടു നിന്നില്ല. തടിവെട്ടുകാരന്റെ ഭാര്യയുടെ അടുത്തു നിന്നാണ് പണിക്കരെ പൊക്കിയതെന്ന് പലരും അടക്കം പറഞ്ഞത് അവരുടെ ചെവിയിലും എത്തിയിരുന്നു. അവർ ഭർത്താവിനോട് ഒന്നും ചോദിച്ചില്ല,