ഏതായാലും ഇവർ താൻ പറയുന്നത് ഒന്നും കേൾക്കാൻ പോകുന്നില്ല, പിന്നെ കിട്ടുന്നത് മേടിക്കുക തന്നെ അയാൾ കരുതി.”നീ പ്രായമായ മനുഷ്യനെ വഴിയിൽ ഇട്ട് അടിക്കും അല്ലേ?” ചൂരൽ വീണ്ടും ഉയർന്നു താഴ്ന്നു “ഠേ”.
“അവൻ വന്ന ഉടനെ” “ഠേ” “ഗുണ്ടായിസം” “ഠേ”
“ഠേ”. അവർ വീണ്ടും വീണ്ടും അടിച്ചു. പുറത്ത് നിന്ന ആളുകൾ പലരും ഞെട്ടി. ഹാഫ് ഡോറിന് ഇടയിലൂടെ പണിക്കർ തല മാത്രം അകത്തേക്കിട്ട് നോക്കി “മാഡം” “താനേതാ?” എസ് ഐ യ്ക്ക് അടിച്ചു മതിയായിരുന്നില്ല.”മാഡം ഇയാൾ എന്റെ ഡ്രൈവറാ”
“അതിന്?” അവർ ഒട്ടും താഴ്ന്നില്ല.”താൻ പുറത്തു നിൽക്ക്, വിളിക്കാം” തങ്കപ്പൻ പിള്ള ഇടപെട്ടു. അപ്പോൾ പണിക്കരെ തള്ളി മാറ്റിക്കൊണ്ട് നാരായണ പിള്ളയും ചന്ദ്രൻ പിള്ളയും ആ മുറിയിലേക്ക് കയറി.”മാഡം ഇതാണ് ചന്ദ്രൻ പിള്ള, പരാതിക്കാരൻ,
പിന്നെ ഇത് നാരായണ പിള്ള, ഈ നാട്ടിലെ ഒരു പ്രമാണിയാണ്” തങ്കപ്പൻ പിള്ള പരിചയപ്പെടുത്തി. പണിക്കർ ആ മുറിക്കു മുൻപിൽ കാത്തു നിന്നു. അകത്തു നിന്ന് ഒരു ബെല്ലടി ശബ്ദം കേട്ടു. ഒരു പോലീസുകാരൻ അകത്തേക്ക് ചെന്നു മഹേഷിനെ പുറത്തേക്ക് കൊണ്ട് വന്നു. അയാളുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾ പണിക്കരുടെ അടുത്തേക്ക് ചെന്നു “ഞാൻ വന്നിട്ട് നീ ഇങ്ങോട്ട് കേറിയാൽ മതിയായിരുന്നു” പണിക്കർ പറഞ്ഞു.”എങ്കിൽ സാറിനും കിട്ടിയേനെ അടി,
ഇവർ നമ്മൾ പറയുന്നത് ഒന്നും കേൾക്കാൻ തയ്യാറല്ല സാർ”. അപ്പോൾ പുറത്ത് നിന്ന് ഒരാൾ ഒരു ബാഗും തൂക്കിയിട്ട് കൊണ്ട് വന്നു. അയാൾ ഒരു പോലീസുകാരനുമായി സംസാരിച്ചു. പോലീസുകാരൻ എസ് ഐ യുടെ മുറി ചൂണ്ടിക്കാണിച്ചു. അയാൾ ആ മുറിയുടെ പുറത്ത് ഒരു പുതിയ ബോർഡ് സ്‌ക്രൂ ചെയ്തു വെച്ചു. “ഐശ്വര്യ എസ്, സബ് ഇൻസ്‌പെക്ടർ” ആ ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു.