“അതേ ആരാണ്?”
“ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ്, താങ്കൾ രാവിലെ പത്ത് മണിക്ക് ഇവിടുടെ വരെയൊന്ന് വരണം”
എന്താ കാര്യം എന്ന് മഹേഷ് ചോദിച്ചില്ല, ചോദിച്ചിട്ട് കാര്യമുണ്ടാകില്ല എന്നയാൾക്ക് അറിയാമായിരുന്നു.”ഓക്കേ ഞാൻ വരാം സാർ” കാൾ കട്ടായി.മഹേഷ് അപ്പോൾത്തന്നെ പണിക്കരെ വിളിച്ചു.”മഹേഷ് പത്ത് മണിയാകുമ്പോൾ സ്റ്റേഷനിലേക്ക് ചെല്ല്, ഞാൻ അങ്ങോട്ട് എത്തിക്കോളാം” കാര്യം അറിഞ്ഞപ്പോൾ പണിക്കർ പറഞ്ഞു. മഹേഷ് കുളിച്ച് ഒരു മുണ്ടും ഷർട്ടും ധരിച്ചു.
ഒൻപതു മണിയായിരുന്നു അപ്പോൾ.ബൈക്ക് എടുത്ത് ഇറങ്ങി.കവലയിൽ കണ്ട ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പോലീസ് സ്റ്റേഷൻ എവിടെയാണെന്നറിയില്ല. ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ അഖിലും അനന്തുവും സംഘവും സ്കൂൾ യൂണിഫോമിൽ വരുന്നത് കണ്ടു, അവരോട് വഴി ചോദിച്ചു.”പുതിയ എസ് ഐ വന്നിട്ടുണ്ടെന്നാ കേട്ടത്” അനന്തു അറിയാത്ത വാർത്തകളില്ല,
“പഴയ എസ് ഐ യും പണിക്കര് മുതലാളീം തമ്മിൽ അത്ര രസത്തിലല്ലായിരുന്നു, അയാള് പോയ കൊണ്ട് വല്യ പ്രശ്നമുണ്ടാകില്ല” വഴി പറഞ്ഞിട്ട് അനന്തു പറഞ്ഞു. പോലീസ് സ്റ്റേഷന് മുൻപിൽ ബൈക്ക് വെച്ചിട്ട് മഹേഷ് അകത്തേക്ക് ചെന്നു.”അവിടെയിരിക്ക്” കാര്യം പറഞ്ഞപ്പോൾ ഒരു പോലീസുകാരൻ ഒരു ബെഞ്ച് ചൂണ്ടിക്കാട്ടി. കുറച്ച് കഴിഞ്ഞപ്പോൾ എഎസ്ഐ തങ്കപ്പൻ പിള്ള പുറത്ത് നിന്ന് വന്നു. മഹേഷിനെ നോക്കി ഒന്ന് ഇരുത്തി മൂളിയിട്ട് അകത്തേക്ക് കയറിപ്പോയി.
പത്തു മണിയാകുന്നതേ ഉള്ളായിരുന്നു. പണിക്കർ കൂടി വന്നിട്ട് അകത്തേയ്ക്ക് കയറിയാൽ മതിയായിരുന്നു, മഹേഷിന് തോന്നി.”സാർ വിളിക്കുന്നു” ഒരു വനിതാ പോലീസുകാരി വന്നു പറഞ്ഞു. മഹേഷ് എസ് ഐയുടെ റൂമിലെ ഹാഫ് ഡോർ തുറന്ന് അകത്തേക്ക് ചെന്നു. എസ് ഐ യുടെ കസേരയിൽ ഒരു യുവതി ഇരിക്കുന്നു. ഇവരെ എവിടയോ കണ്ടിട്ടുണ്ട്, മഹേഷിന് തോന്നി. തങ്കപ്പൻ പിള്ള പറഞ്ഞു തുടങ്ങി “ഇവനൊക്കെ ഈ നാട്ടിൽ വന്നിട്ട് മൂന്നോ നാലോ ദിവസമേ ആയുള്ളൂ മാഡം,