രാധ വാതിലിനടുത്ത് വന്നു നിന്നു, മഹേഷ് വീടിനകത്തു കയറി.”ഞാൻ പോകുവാ സമയം വൈകി” അവൾ പറഞ്ഞു. മഹേഷ് വീടിന്റെ താക്കോൽ തൂക്കിയിടുന്ന ആണിയിൽ കുളത്തിൽ നിന്ന് കിട്ടിയ വളയും തൂക്കിയിട്ടിരുന്നു. അയാൾ അതെടുത്തു കൊണ്ട് ചോദിച്ചു “ദാ നിങ്ങടെ ആരുടേയാ ഈ വള? കുളത്തിൽ കിടന്നിരുന്നു?”. രാധ ആ വള കൈയിൽ മേടിച്ചു നോക്കി
“ഇത് രാധികയുടേതാ” അവൾ മഹേഷിന്റെ അടുത്തു വന്നു, എന്നിട്ട് അയാളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു “വേദനയുണ്ടോ?” ഈ നാട്ടിൽ എത്ര പെട്ടെന്നാണ് വാർത്തകൾ പരക്കുന്നത്. “ഇത് കൈയിൽ കിടക്കട്ടെ, അവൾ വന്നു വാങ്ങിച്ചോളും” രാധ വള മഹേഷിന്റെ ഇടത് കൈയിൽ ഇട്ടു കൊടുത്തു.”ഞാൻ പോകുന്നു” അവൾ വഴിയിൽ ഇറങ്ങി നടന്നു. മഹേഷ് ആ വളയിലേക്ക് നോക്കി, സ്ത്രീകൾ ഇടുന്ന വള പോലെയൊന്നുമല്ല. കൈയിൽ കിടക്കട്ടെ.
രാവിലെ കുറച്ച് വൈകിയാണ് അയാൾ എഴുന്നേറ്റത്. എഴുന്നേറ്റ് പുറത്തേക്കിറങ്ങി, ഇപ്പോൾ വേദനയൊന്നും തോന്നുന്നില്ല, അയാൾ വീടിനകത്തു കയറി ലുങ്കി താഴ്ത്തി നോക്കി അടി കിട്ടിയ സ്ഥലത്ത് ചെറിയൊരു പാട് മാത്രം, വേദന ഒട്ടുമില്ല. ഇന്ദിരാമ്മയുടെ മരുന്നിന് ഇത്രയും ശക്തിയോ? അതിന്റെ പേര് ചോദിച്ചു വെക്കണം ഇനിയും ആവശ്യം വരാൻ സാധ്യതയുണ്ട്.
********
“ഇതിപ്പോ അയാളെ ഇങ്ങോട്ട് കേറ്റാതിരിക്കുക എന്നുള്ളത് നമ്മുടെ എല്ലാവരുടെയും കൂടെ ആവശ്യമാ” നാരായണ പിള്ള ചർച്ചക്ക് തുടക്കമിട്ടു. അവർ, നാരായണ പിള്ള, വാസു, ചന്ദ്രൻ പിള്ള, തടി വെട്ട്കാരുടെ തൊഴിലാളി നേതാവ് സദാനന്ദൻ പിന്നെ കുറച്ച് തടി വെട്ട് തെഴിലാളികളും ലോറി ഓടിക്കുന്നവരും, എല്ലാവരും നാരായണ പിള്ളയുടെ കൂപ്പിലെ കെട്ടിടത്തിൽ ഒത്തു ചേർന്നിരിക്കുകയായിരുന്നു.