വാപ്പ എൻ്റെ പെട്ടിയെടുത്ത് കൂളായി പഴയ ക്ലാസ്സിക്ക് ഫിയറ്റിൻ്റെ ഡിക്കിയിലിട്ട് കാറെടുത്തു. ഞാൻ മുന്നിലും മമ്മി പിന്നിലും. പോണ വഴിക്ക് ആരുമൊന്നും മിണ്ടിയില്ല. പെട്ടെന്ന് വണ്ടിയൊരു ഊടുവഴിയിലേക്കു കയറി. വഴിയോരത്തെ ഡാബ സ്റ്റൈലിൽ കെട്ടിപ്പടുത്ത ഓലഷെഡ്ഢിൻ്റെ മുന്നിൽ നിന്നു.
വാടാ മോനേ! ഞങ്ങളിരുന്നു. വാപ്പ ഡെസ്കിൻ്റെ ഒരു വശം. മമ്മി എൻ്റെയൊപ്പം എതിർ വശം. ബെഞ്ചുകളിലാണ് ഇരിപ്പ്.
മൂലി പറാഠാ, ചനാ, അണ്ടാ ബുർജീ, ചായ്! ഓർഡറെടുക്കാൻ വന്ന ദീർഘകായനായ പഞ്ചാബിയോട് വാപ്പ ഹിന്ദിയിൽ ഓർഡർ ചെയ്തു.
ദൈവമേ! എന്തൊരു രുചിയായിരുന്നു! മുള്ളങ്കിയും പച്ചമുളകും പിന്നെ കുറഞ്ഞയളവിൽ മസാലയും ചേർത്ത പറാഠാ! ഒപ്പം കാബൂളീ കടല. അച്ചാറ്. മുട്ട ചിക്കിപ്പൊരിച്ചത്… കടുപ്പത്തിൽ ചായ. സ്വർഗ്ഗം.
കൊച്ചിയിൽ അവരുടെ ഓടിട്ട പഴയ വീട്ടിൽ എന്നെ കുടിയിരുത്തി. വലിയ വീടായിരുന്നു. വെളിച്ചവും വായുസഞ്ചാരവുമുള്ള മുറികൾ. അടുത്ത സ്ക്കൂളിൽ പത്താം ക്ലാസിൽ ചേർത്തു. മമ്മിയായിരുന്നു ലോക്കൽ ഗാർഡിയൻ. അവരുടെ സ്നേഹമെന്നെ പൊതിഞ്ഞിരുന്നു…
കഴിഞ്ഞ വട്ടം അവർ ഫോസ്റ്റർ ചെയ്ത പെൺകുട്ടി.. മിഷേൽ… ഇപ്പോൾ ഓസ്ട്രേലിയയിലാണ്. ജേർണലിസ്റ്റ്. ഞാൻ പന്ത്രണ്ടാമനാണ്. അവരുടെ സ്വന്തം കുട്ടികൾ.. രണ്ടും ആൺകുട്ടികൾ. ഒരാൾ യൂണിസെഫിലും ഇളയവൻ ഒരു എൻജീഓവിലുമാണ്. ഇപ്പോൾ ആഫ്രിക്കയിൽ. പക്ഷേ ആ കുടുംബം വിപുലമായിരുന്നു. അവർ വളർത്തിയ കുട്ടികൾ… അവരുടെ കുടുംബങ്ങൾ… മിക്കവരേയും മൂന്നു വർഷത്തിനകം ഞാൻ പരിചയപ്പെട്ടിരുന്നു. വാപ്പ പരമ്പരാഗതമായ സ്പൈസ് വ്യാപാരത്തിലും മമ്മി അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിലെ അഡ്മിനിസ്റ്റ്രേറ്ററും. സർക്കാർ സർവീസിൽ നിന്നും നേരത്തേ പിരിഞ്ഞുപോന്നതാണ്.