രണ്ട്. ആനി. എൻ്റെ ക്ലാസ്സിൽ മുന്നിലെ ബെഞ്ചിലിരിക്കുന്ന കുട്ടി. വെളുത്തു കൊലുന്നനെ കാണാൻ ഭംഗിയുള്ള പെൺകുട്ടി. അവൾ മുന്നോട്ടു വന്നു. എന്നെ ക്ലാസ്സിൽ വെച്ചപമാനിച്ചതും കാൻ്റീനിൻ്റെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയതും അവൾ പതിഞ്ഞ, എന്നാൽ പതറിച്ചയില്ലാത്ത സ്വരത്തിൽ വിവരിച്ചു. ആ വലിയ കണ്ണുകൾ എന്നെ ഒന്നുരണ്ടു വട്ടം അനുഭാവത്തോടെ തലോടി. എന്തോ എൻ്റെ കണ്ണുകൾ നിറഞ്ഞുപോയി. അവൾ പ്രിൻസിയുടെ ഒരകന്ന ബന്ധുവാണെന്ന് പിന്നീടു വക്കീൽ പറഞ്ഞാണറിഞ്ഞത്.
ഏതായാലും ഞാൻ തിരികെ സ്വന്തം വീട്ടിലെ വിഷം കലർന്ന അന്തരീക്ഷത്തിലേക്കു മടങ്ങണ്ട എന്ന് ബോർഡ് ചെയർമാൻ പറഞ്ഞു. ഒരു ഫോസ്റ്റർ ഹോം ഏർപ്പാടു ചെയ്തു. വക്കീലിനും അറിയാവുന്ന കുടുംബമായിരുന്നു.
മൂന്നാം ദിവസം വാപ്പയും മമ്മിയുമെത്തി. കാലത്ത് ഏഴുമണി. അലിയും സാറയും! വെളുപ്പിനേ കുളിച്ചു റഡിയായി എൻ്റെ പുതിയ ഫാമിലിയേം നോക്കിയിരുപ്പായിരുന്നു.
കാറിൽ നിന്നുമിറങ്ങിയ പുരുഷനും സ്ത്രീയും. ഞാനവരെ അന്തം വിട്ടു നോക്കി. എന്തൊരു ഭംഗിയായിരുന്നു… ചേർച്ചയായിരുന്നു… ആ ദമ്പതികൾക്ക്! അന്നു തന്നെ അവർക്ക് അൻപതു കഴിഞ്ഞിരുന്നു. കടുത്ത പ്രണയത്തിനൊടുവിൽ ഒരു തടസ്സവും വകവയ്ക്കാതെ വിവാഹിതരായവർ!
അവരെൻ്റെയടുത്തേക്കു വന്നു. ഒരു നിമിഷം! ഞാനൊരു ഊഷ്മളമായ ആലിംഗനത്തിലമർന്നു. വാപ്പയുടെ ബലിഷ്ഠമായ കരങ്ങളും മമ്മിയുടെ മൃദുവായ ശരീരവും എന്നെയടക്കിച്ചേർത്തു… മോനേ… മമ്മിയെൻ്റെ ചെവിയിൽ മന്ത്രിച്ചു. മേലാകെ പൊട്ടിത്തരിച്ചു!