വിചാരിച്ചതു പോലെ തന്നെ വീട്ടുകാർ ഇടപെടാൻ വിസമ്മതിച്ചു. എനിക്കുവേണ്ടി വക്കീലിനെ ഏർപ്പാടാക്കി അവർ കൈ കഴുകി. തല്ക്കാലം പോലീസു വന്നെങ്കിലും പ്രിൻസിയുടെ സാന്നിദ്ധ്യവും ഏതോ ഭാഗ്യത്തിന് കിട്ടിയ വക്കീലിൻ്റെ പിടിപാടും കൊണ്ട് മേലു നൊന്തില്ല. ലോക്കപ്പിൽ കിടന്നില്ല. പതിന്നാലല്ലേ ആയുള്ളൂ. റേപ്പോ കൊലയോ ഒന്നുമല്ലല്ലോ. ഒരു സേഫ് ഹൗസിൽ (വീട്ടുതടങ്കൽ തന്നെ) അന്നു കഴിഞ്ഞു. അടുത്ത ദിവസം ജൂവനൈൽ ജസ്റ്റീസ് ബോർഡിൻ്റെ മുന്നിൽ ഹാജരാക്കി. അവിടെ എനിക്കെതിരായി തെളിവുകൾ നിരത്താൻ നേതാവിൻ്റെ ശിങ്കിടികളുടെ ജാഥ. മജിസ്റ്റ്രേട്ടും മറ്റു രണ്ടു സ്ത്രീ ബോർഡംഗങ്ങളും എല്ലാം ശ്രദ്ധയോടെ കേട്ടു. നേതാവിൻ്റെ തലയോട്ടീടെ പടം, ഡോക്ടർ സർട്ടിഫിക്കറ്റ് ഇത്യാദി പുറമേയും.
എനിക്കവിടെ ജീവിതത്തിൽ ചിലപ്പോഴെല്ലാം സംഭവിക്കുന്നതു പോലെ ഭാഗ്യത്തിൻ്റെ രണ്ടു തലോടലുകൾ കിട്ടി. ഒന്ന് അബ്ദുള്ള വക്കീൽ. സീനിയർ. പക്വതയുള്ള മനുഷ്യൻ. വക്കീലിൻ്റെയൊരു ജൂനിയറിനെയാണ് വീട്ടുകാരേല്പിച്ചത്. എന്തോ എൻ്റെ കാര്യത്തിൽ വക്കീലിന് പ്രത്യേക താല്പര്യം തോന്നി. ധാരാളം സമയം എന്നോടൊപ്പം ചെലവഴിച്ചു. പതിയെ എൻ്റെ നാവിൻ്റെ കെട്ടഴിച്ചു. എനിക്കു പറയാനുള്ളത് ക്ഷമയോടെ കേട്ടു. പിന്നെ ബോർഡിൻ്റെ മുന്നിൽ എങ്ങിനെ പെരുമാറണമെന്നു പറഞ്ഞു തന്നു.
സീ ഉണ്ണീ. നിൻ്റെ മനസ്സ് എനിക്കറിയാം. ബോർഡു നോക്കുന്നത് നിൻ്റെ ഭാവിയിലേക്കാണ്. നിനക്കു ചെയ്ത കാര്യത്തിൽ പശ്ചാത്താപമുണ്ടോ, ഇനിയങ്ങോട്ട് നിൻ്റെ മാനസികാവസ്ഥ നേരെയാവുമോ? ഏതൊക്കെ കൗൺസലിങ്ങാണു വേണ്ടത്… അങ്ങിനെ… കള്ളമൊന്നും പറയണ്ട. സ്വാഭാവികമായി… അതായത് നീയായിത്തന്നെ പെരുമാറിയാൽ മതി. ഞാൻ നടന്ന സംഭവങ്ങൾ അതുപോലെ പറഞ്ഞു. ക്രോസ് വിസ്താരമൊന്നും നടത്താൻ ബോർഡു സമ്മതിച്ചില്ല.