കാലുയർത്തി അവൻ്റെ തുടയിടുക്കിലാഞ്ഞു തൊഴിച്ചു. എൻ്റെ ഷൂസവൻ്റെ വൃഷണങ്ങളെയുടച്ചപ്പോൾ അവനുറക്കെ കരഞ്ഞുവിളിച്ചുകൊണ്ട് മുട്ടുകുത്തി. ബാക്കിയുള്ളവന്മാര് ഞെട്ടിവിറച്ചു പോയി. ഇതുവരെ പ്രതികരിക്കാത്ത മൊണ്ണയല്ല മുന്നിൽ നിൽക്കുന്നത്! ആ ഒരു ഞൊടി മതിയായിരുന്നു. നോക്കിവെച്ചിരുന്ന തടിക്കഷണം ഞാൻ കുനിഞ്ഞെടുത്തു. മുട്ടുകുത്തി നിന്ന നേതാവിൻ്റെ തലയ്ക്കൊരടി. അവൻ താഴേക്കു വീണു.
പിന്നെ തലങ്ങും വിലങ്ങുമടിയായിരുന്നു. ഞാൻ കരുതിയതു പോലെ ഭീരുക്കൾ! തിണ്ണമിടുക്കും സംഘത്തിൻ്റെ വിളച്ചിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മിനിറ്റുകൾ… യുദ്ധക്കളം വിജനമായി. കാണികളും അലിഞ്ഞുപോയി.
ക്ലാസ്സിൽ പ്രിൻസിപ്പലിൻ്റെ സമൺസ് വന്നു. ഉണ്ണിക്കൃഷ്ണൻ ഇരിക്കൂ. പ്രിൻസി എതിരേയുള്ള കസേര ചൂണ്ടിക്കാട്ടി. മുടി മുഴുവനും നരച്ച, സൗമ്യഭാവമുള്ള മനുഷ്യൻ. പുള്ളി എന്നോട് നടന്ന സംഭവങ്ങൾ വിസ്തരിച്ചു പറയാനാവശ്യപ്പെട്ടു. ഒന്നും മിണ്ടാതെ ഞാൻ പറഞ്ഞതു മുഴുവനും കേട്ടു.
പിന്നെ കാര്യങ്ങൾ പറഞ്ഞു. നേതാവിനെ ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു പോലും. തലയിൽ സ്റ്റിച്ചിട്ടിട്ടുണ്ട്. ചെക്കൻ്റെയൊരമ്മാവൻ എസ്പിയാണത്രേ. അതുകൊണ്ട് കേസാവും. സ്ക്കൂൾ ലെവലിൽ ഒതുക്കാനാവില്ല.
ഉണ്ണി, വീട്ടിൽ പറയണം. ഗാർഡിയൻസ് തമ്മിൽ നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്. പ്രിൻസി ശാന്തമായി പറഞ്ഞു. സത്യം പറഞ്ഞാൽ സ്ക്കൂൾ ജീവിതത്തിൽ പാകത വന്നൊരു സാറിനെ ആദ്യമായാണ് കാണുന്നത്.
സാറു തന്നെ അച്ഛനെ വിളിച്ചു പറഞ്ഞാൽ മതി. ഞാൻ പറഞ്ഞു. നേരിട്ടു പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് എനിക്കറിയാമായിരുന്നു.