അടുത്ത ദിവസം കേറ്ററിങ്ങ്, ഇവൻ്റ് മാനേജ്മെൻ്റ്.. ആറു പേർ. ക്ലബ്ബിൽ എൻ്റെ മുറീം പിന്നെ വേറെ രണ്ടു മുറീം ഏർപ്പാടു ചെയ്തു. ഔട്ട്ഹൗസായിരുന്നു ഞങ്ങടെ ബേസ്… ആ ദിവസം പോയതറിഞ്ഞില്ല. എങ്ങിനെയോ ഞാനായി പ്രധാന നടത്തിപ്പുകാരൻ. പലവട്ടം അമ്മയേം കൊണ്ട് അടുത്ത ബന്ധുക്കളുടെ വീടുകളിൽ പോയി. അമ്മ ഞങ്ങൾ മാത്രമായ സമയങ്ങളിൽ സ്വന്തം കുട്ടിക്കാലം, വളർന്നു വന്ന സമയങ്ങൾ… ഇതെല്ലാം പങ്കു വെച്ചു. എൻ്റെ ബാല്ല്യം മാത്രം ഞങ്ങൾ മനപ്പൂർവ്വം ഒഴിവാക്കി. എന്തിനു വെറുതേ ഉണങ്ങിയ മുറിപ്പാടുകൾ മാന്തിത്തുറക്കണം? തന്തിയാനെ ഞാൻ തീർത്തും അവഗണിച്ചു.
അമ്പലത്തിൽ കല്ല്യാണം, പിന്നെ റിസപ്ഷൻ… എല്ലാം ഭംഗിയായി നടന്നു. എൻ്റെ ഗുണ്ടുമണിക്ക് ഹൈദരാബാദിൽ നിന്നും അലീനച്ചേച്ചി വഴി വരുത്തിച്ച ഒരു പേൾനെക്ക്ലേസ് ഞാൻ സമ്മാനിച്ചു. ദേ പെണ്ണു നിന്നു കരയുന്നു! അവളെന്നെ കെട്ടിപ്പിടിച്ചു! മീരേച്ചീം ചേർന്നു. കൺകോണിൽ അമ്മേം ചെറിയമ്മേം കണ്ണുകൾ തുടയ്ക്കുന്നതു ഞാൻ കണ്ടു!
ചെറിയമ്മ തിരികെപ്പോയി. ഇനിയും കാണുമെന്ന് എനിക്കുറപ്പായിരുന്നു. ആ വലിയ വീട്ടിലിപ്പോൾ അച്ഛനും അമ്മയും മീരേച്ചീം ശാലുവേച്ചീം ഞാനും മാത്രം. അവളുടെ മോൻ വേണുവേട്ടൻ്റെയൊപ്പം തിരികെപ്പോയിരുന്നു. പെണ്ണുങ്ങളുടെ അപേക്ഷ മാനിച്ച് ഔട്ട്ഹൗസ് ഒഴിഞ്ഞു ഞാൻ വീട്ടിലേക്കു മാറി. ക്ലബ്ബും വെക്കേറ്റു ചെയ്യണം. എൻ്റെയൊരു പെട്ടിയവടൊണ്ട്. മോളിൽ അറ്റത്തുള്ള വിശാലമായ ധാരാളം ജനാലകളുള്ള മുറിയിൽ ചേക്കേറി. അമ്മയോട് ഒരു കണ്ടീഷൻ മാത്രം പറഞ്ഞു. കണവനും ഞാനും കൂട്ടിമുട്ടാതെ നോക്കണം! ഒരാഴ്ച്ച ഇവിടെ ചെലവഴിക്കാനായിരുന്നു പ്ലാൻ.