പത്തിൽ പഠിക്കുമ്പോഴാണ് ജീവിതം മാറിമറിയുന്നത്. സ്ക്കൂളിൽ ഒരടിപിടി. എന്നെ കൊറച്ചുനാളായി ചൊരണ്ടിക്കൊണ്ടിരുന്ന ഗ്യാങ്ങുമായി. എന്തു ചെയ്യാനാണ്! പുതിയ സ്ക്കൂൾ. ന്യൂ അഡ്മിഷൻ പിള്ളേര് എന്നും ടാർഗെറ്റാണ്. കോറിഡോറിൽ ചുമ്മാ തള്ളിവീഴ്ത്തുക, തലയ്ക്കു കിഴുക്കുക, കാൽ വെച്ചു വീഴ്ത്തുക, സൈക്കിളിൻ്റെ കാറ്റൂരി വിടുക…. അങ്ങനെയങ്ങനെ സുന്ദരമായ കലാപരിപാടികൾ! കൊറേ സഹിച്ചു. ഒടുക്കം ഒരു ദിവസം ക്ലാസ്സിൻ്റെ മുന്നിൽ വെച്ച് എൻ്റെ പാൻ്റു വലിച്ചൂരി. കൂട്ടച്ചിരി. ആമ്പിള്ളാരും പെമ്പിള്ളാരും. ചെറിയമ്മയോടു മനസ്സിൽ നന്ദി പറഞ്ഞു. ഉള്ളിൽ വൃത്തിയുള്ള ജട്ടിയുണ്ടായിരുന്നു. ഞാനൊന്നും മിണ്ടാതെ കുനിഞ്ഞു പാൻ്റും വലിച്ചുകേറ്റി ബെഞ്ചിൽ പോയിരുന്നു. ഉച്ചവരെ അമർത്തിയ ചിരികൾ… റബ്ബർ ബാൻ്റിൽ പേപ്പർ ചുരുട്ടിയ മിസ്സൈലാക്രമണം… ചില്ലറ വിനോദങ്ങൾ… ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപർവ്വതം പൊട്ടിത്തെറിയുടെ വക്കത്തെത്തിയിരുന്നു.
ലഞ്ച് ബ്രേക്ക്. ക്യാൻ്റീനിൻ്റെ മുന്നിലെ വലിയ മരം വിരിച്ച തണൽ. എന്നെ അവന്മാർ വളഞ്ഞു. അഞ്ചു പേർ. ഇത്തിരി മാറി കൊറേ ശിങ്കിടികൾ….
ഇന്നു നിൻ്റെ പാൻ്റും ജട്ടീം ഞങ്ങളൂരുവാടാ മൈരേ! നേതാവ് അട്ടഹസിച്ചു. വെളുത്ത് ഇത്തിരി വണ്ണമുള്ള ചെക്കൻ. പൊക്കം എൻ്റത്രേമൊണ്ട്. ഒരു ക്ലാസ്സിക് ബുള്ളി. ഞാനവനെത്തന്നെ ശ്രദ്ധിച്ചു. ബാക്കി ഗ്യാങ്ങിനെ നോക്കിയില്ല. അവന്മാരുടെ സാന്നിദ്ധ്യം ഞാൻ ഇത്തിരി മുന്നേയറിഞ്ഞതാണ്. ഇന്ദ്രിയങ്ങളെല്ലാം ഉണർന്നിരുന്നു… ചുറ്റുപാടുകൾ ഞാൻ സ്കാൻ ചെയ്തിരുന്നു. നമ്മളിതു കൊറേ കണ്ടതല്ലേ!