ആരാ… വാതിൽക്കലെ കർട്ടൻ വകഞ്ഞുമാറ്റി ഉയരമുള്ള കൊഴുത്ത പ്രൗഢസ്ത്രീ വെളിയിലേക്കു വന്നു. സെറ്റും മുണ്ടും.
ഓഹ്! സമയം മരവിച്ചപോലെ. അന്തരീക്ഷത്തിന് വല്ലാത്ത ഭാരം. ആ വലിയ കണ്ണുകൾ വിടർന്നു… പകപ്പോടെ എന്നെ നോക്കി. മുടി ഒരിഴപോലും നരച്ചിട്ടില്ല. കവിളുകൾ കുറച്ചൂടി മാംസളമായപ്പോൾ അന്നില്ലായിരുന്ന ഭംഗി ആ മുഖത്തിന്. അമ്മ! ഞാനമ്മയെ ഉറ്റു നോക്കി അനങ്ങാതെ നിന്നു.
അമ്മയെൻ്റെയടുത്തേക്കു വന്നു. അന്നനുഭവിക്കാത്ത ഒരു ഗന്ധം. ഉണ്ണി! ആ തടിച്ച ചുണ്ടുകൾ മന്ത്രിച്ചു. ആ കൈകളുയർന്നു. എൻ്റെ തോളിൽ നിന്നും താഴേക്ക് കൈകളിലൂടെ ആ വിറയ്ക്കുന്ന വിരലുകൾ തലോടി…
ഉം! ഞാനൊന്നു മൂളി. വിചാരിച്ചതിനേക്കാളും കനത്ത മൂളലായിപ്പോയി. തടിച്ച പുരികങ്ങൾക്കു താഴെ ഭാരം തൂങ്ങുന്ന ഇമകളിലൂടെ ഞാനമ്മയെ നിസ്സംഗനായി നോക്കി.
ഇപ്പോഴാ വിരലുകൾ എൻ്റെ മുഖത്താകെ പടർന്നു. വിശ്വാസം വരാത്ത മുഖഭാവം. നീ…?
ജീവനോടെയുണ്ട്. പരുത്ത സ്വരത്തിൽ അറിയാതെ വേദനയും അമർഷവും കലർന്നിരുന്നു. ആ വിരലുകൾ പെട്ടെന്നകന്നു. അമ്മയുടെ ഞെട്ടൽ ഞാനറിഞ്ഞു.
നിശ്ശബ്ദമായി ഞാൻ വേറേ ചിലതു കൂടിപ്പറഞ്ഞു. അമ്മേ! അന്നത്തെ അടി സമ്മാനിച്ച, വിരലുകൾ തിണിർത്തു കിടന്ന പാടുകൾ ഇപ്പോഴെൻ്റെ കവിളത്തില്ല. അന്ന് മോതിരക്കല്ലുരഞ്ഞുണ്ടായ മുറിവിൻ്റെ കല മാഞ്ഞുപോയി. എന്നാൽ… എന്നാൽ ആ നൊമ്പരം ഇതാ… ഇവിടെ എൻ്റെ നെഞ്ചിനകത്തുണ്ട്. അണഞ്ഞു പോയ കനലിൻ്റെ പൊരി വീണ്ടുമാളിക്കത്താൻ എളുപ്പമാണ്.. എൻ്റെ മമ്മീടെ സൗമ്യമായ മന്ദഹാസം ഒരു മഴയായി ഉള്ളിൽ പെട്ടെന്നു പെയ്തിറങ്ങി. ഞാനൊന്നു ശ്വാസം വലിച്ചുവിട്ടു. സ്വയം നിയന്ത്രിച്ചു.