ടാറിട്ട റോഡിൻ്റെ ഇരുവശവും കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ വൈകുന്നേരത്തെ സ്വർണ്ണം കലർന്ന വെയിലിൽ കുളിച്ചിരുന്നു… പണ്ടീ വഴി മുഴുവനും ടാറിട്ടിട്ടില്ലായിരുന്നു. ഗ്രാമത്തിൻ്റെ മുഖവും മാറിത്തുടങ്ങിയിരുന്നു. ഒന്നുരണ്ടു മിനി മാർക്കറ്റുകൾ. ഒരു ബിവറേജ് ഔട്ട്ലെറ്റ്. ബാർബർ ഷോപ്പു നിന്നിരുന്ന ഇടത്ത് ബ്യൂട്ടി സലോൺ!
മതിൽക്കെട്ടും, കരയുന്ന, തടികൊണ്ടുള്ള ഗേറ്റും പടിപ്പുരയും അതുപോലെ തന്നെ… ഒരു മാറ്റവുമില്ലാതെ… ഞാനുള്ളിലേക്ക് വണ്ടിയോടിച്ചു കേറ്റി. വിശാലമായ മുറ്റത്തിൻ്റെയരികിൽ നിരയായി പാർക്കു ചെയ്ത കാറുകൾ. വണ്ടി സൈഡിൽ പാർക്കു ചെയ്ത് വീടിൻ്റെ ഉമ്മറത്തേക്കു നടന്നു. പടികൾ ചവുട്ടിക്കയറുമ്പോഴും മനസ്സിൽ ഒരു മിനിമം പ്രോഗ്രാം മാത്രം. മീരേച്ചിയെ കാണണം. റിയയെ അഭിനന്ദിക്കണം. സ്ഥലം കാലിയാക്കണം. ഒരാഴ്ച്ച ഈ നഗരത്തിലും പിന്നെ ആലപ്പുഴയിൽ കായൽക്കരയിലും ചെലവിടണം. അതു കഴിഞ്ഞ് ഇപ്പോൾ കയ്യിലുള്ള രണ്ടു ജോലികളുടെ ഓഫറുകൾ നോക്കണം. ഒരാഴ്ച്ച മമ്മീം വാപ്പേമൊപ്പം കൊച്ചീൽ. പിന്നെ…. കൊറച്ചുനാളത്തേക്ക് പണിയെടുക്കണം…. സ്വന്തം കമ്പനി ചെറിയതോതിൽ സെറ്റപ്പു ചെയ്യണതുവരെ!
ചിന്തകളിൽ മുഴുകിയ ഞാൻ ഉമ്മറത്തെത്തിയത് അറിഞ്ഞില്ല. വലിയ ഉമ്മറം. മൂന്നു ചുറ്റിനും ചാരുപടി കെട്ടിയ അരമതിലുകൾ. നിലം, പോളിഷ് ചെയ്ത റെഡ് ഓക്സൈഡ്. തണുപ്പ്. ഇടം വിജനം. ആൾക്കൂട്ടം അകത്താണ്. കലപില വർത്തമാനവും ഇടയ്ക്കുള്ള ചിരികളും.
ഞാനവിടെ ഇത്തിരി നേരം നിന്നു. ചുറ്റിലുമുള്ള ഇരിപ്പിടങ്ങളെ അവഗണിച്ചു. ഉറങ്ങിക്കിടന്നിരുന്ന ഓർമ്മകൾ… കാലത്തിൻ്റെ തലോടലിൽ കയ്പിൻ്റെ വാൾത്തലകളുടെ മൂർച്ച കുറഞ്ഞിരിക്കുന്നു. എന്നാലും മധുരത്തിൻ്റെ കണികകൾ പോലും ആ ചെപ്പിലില്ല. ഇതെൻ്റെ വീടാണെന്ന് കരുതാനാവുന്നില്ല. നാശം! ഒരപരിചിതനായിരുന്നെങ്കിൽ!