അങ്ങിനെയാണ് ഒരു ചെറിയ കുന്നിൻപുറത്തുള്ള ക്ലബ്ബിലെ മുറിയിൽ ഒരുച്ചമയക്കവും കഴിഞ്ഞ് എണീറ്റു മൂരിനിവർന്നത്. ചായയും കടിയും ഡൈനിങ്ങ്റൂമിൽ പോയി അടിച്ചു. ഷോർട്ട്സെടുത്തിട്ട് ജിമ്മിൽ പോയി സ്ഥിരം വർക്കൗട്ടായ ട്രെഡ്മിൽ, പുഷപ്സ്, ഇത്തിരി റെസിസ്റ്റൻസ് ട്രെയിനിങ്ങ്… ആകെ ഒരു മണിക്കൂർ. ചൂടുവെള്ളത്തിൽ കുളി. പിന്നെ ദിവസവും രണ്ടുനേരവും ഷേവു ചെയ്യേണ്ടി വരുന്ന ഹതഭാഗ്യനാവുന്നു ഈയുള്ളവൻ. അതുകൊണ്ടിപ്പോൾ താടി വളർത്തുന്നു. സമൃദ്ധമായ ചുരുണ്ട താടി ആഴ്ച്ചയിൽ ഒരു വട്ടം ബാർബർഷോപ്പിൽ പോയി വെട്ടിയൊതുക്കും. ഇത്തിരി ഡിയോ കക്ഷങ്ങളിൽ. ചുരുണ്ട മുടിയും ചീകി, സ്ഥിരം നിറങ്ങളായ ചാരം, കറുപ്പ്, നീല, വെളുപ്പ്… ഇതെല്ലാമൊന്നു നോക്കി ഒരു വെള്ള കോട്ടൺ ഷർട്ടും ഇളം ബെയ്ജ് നിറമുള്ള ചീനോസും മൊകാസിൻ ഷൂവുമണിഞ്ഞു. കയ്യിലൊരു വാച്ചുമാത്രം. മോതിരം, ബ്രേസ്ലെറ്റ്, മാല… ഇതൊന്നുമെനിക്കിഷ്ട്ടമില്ല. ആറടിപ്പൊക്കത്തിൽ ഇളം കറുപ്പു നിറമുള്ള സുന്ദരനൊന്നുമല്ലാത്ത ഈയുള്ളവൻ…ഉണ്ണി…
സുഹൃത്തു വഴി റെൻ്റിലെടുത്ത മാരുതി ജിപ്സീൽ കേറി ഏസിയുമിട്ട് വെളിയിലേക്കു ഡ്രൈവു ചെയ്തു. മനസ്സ് ശൂന്യമായിരുന്നു. എന്തിനാണ് ഞാൻ എന്നെ വേണ്ടാത്തവരുടെ ഇടയിലേക്ക് ഇടിച്ചുകേറി ചെല്ലണത്! മീരേച്ചി ഫോണിലൂടെ തേങ്ങലടക്കുന്നത് ഞാനറിഞ്ഞു. ചേച്ചിയെ വിഷമിപ്പിക്കണ്ടാന്നു കരുതി ഞാൻ കോളു കട്ടുചെയ്തു. മീരേച്ചിയേം റിയയേയും വെളിയിൽ വെച്ചു കാണാമായിരുന്നു. ഈ മമ്മി! എൻ്റെ മുരടൻ സ്വഭാവം മാറ്റാൻ എന്നും ശ്രമിച്ചുകൊണ്ടിരുന്ന മമ്മി. ഒരിക്കലും മമ്മിയ്ക്കെതിരായി ഒന്നും ഞാൻ ചെയ്യില്ലെന്ന് മമ്മിക്കറിയാരുന്നു! വാപ്പയ്ക്കും!