ഡാ… മമ്മിയെന്നോടു ചേർന്നിരുന്നു. ആ വിരലുകൾ എൻ്റെ തോളിലമർന്നു. എനിക്കപ്പഴേ ഒരു വശപ്പിശകു തോന്നിയിരുന്നു..
മമ്മീ! ഞാൻ ചിരിച്ചു. മനസ്സിലൊള്ളത് വളച്ചുകെട്ടില്ലാതെ പറയാമോ?
അവിടൊരു പൊട്ടിച്ചിരി മുഴങ്ങി. വാപ്പ! ഞാനപ്പഴേ നിൻ്റെ മമ്മിയോടു പറഞ്ഞതാടാ.. ചുമ്മാ നിന്നെ സോപ്പിടാതെ നേരേ ചൊവ്വേ കാര്യം പറയാൻ.
അലീ! വാപ്പാ! രണ്ടു പെണ്ണുങ്ങളും കൂടി സിംഹികളെപ്പോലെ ജനാബ് അലി സാഹിബിൻ്റെ നേർക്കലറിക്കൊണ്ടു ചാടി!
ശരി ശരി… പാവം കൈപൊക്കി കീഴടങ്ങി!
നിനക്കൊന്നു വീട്ടില് പൊയ്ക്കൂടേ? മമ്മി മന്ത്രിക്കുന്ന സ്വരത്തിലാരാഞ്ഞു.
എന്തിനാ മമ്മീ? അവിടാരേലും എന്നെ ഓർക്കുന്നു പോലുമില്ല. അല്ലേല് ഇത്രേം കാലത്തിനിടയ്ക്ക് ഒരു ഫോൺ വിളിയോ, എഴുത്തോ… എന്തിന് ഒരു ബർത്ത്ഡേ കാർഡുപോലും അയച്ചിട്ടില്ല.
ഡാ! നിന്നെ ഞങ്ങൾ വളർത്തീത് ആരെയും വെറുക്കാനല്ല. കീപ്പ് ആൻ ഓപ്പൺ മൈൻഡ്. പിന്നെ നിൻ്റെ വീട്ടുകാരല്ലേ! നീയവരോട് നന്നായി പെരുമാറുമ്പോ അവരാണ് ചെറുതാവുന്നത്… മമ്മീടെ വിരലുകളെൻ്റെ മുടിയിലിഴഞ്ഞു
എല്ലാം ശരിയാണ് മമ്മീ. എന്നാലും ഞാനെങ്ങനെ അവിടേക്ക് വലിഞ്ഞുകേറിപ്പോവും? ഞാൻ മമ്മീടെ മേലേക്ക് ചാഞ്ഞു…
നിൻ്റെ മൂത്ത ഏട്ടൻ്റെ മോൾടെ കല്ല്യാണമാണെടാ! മമ്മി പറഞ്ഞു.
ഏഹ്! റിയ! അതിനവൾ കൊച്ചുപെണ്ണല്ലേ! എൻ്റെ വായ പൊളിഞ്ഞു.
കൊച്ചുപെണ്ണോ! വയസ്സിരുപതായി അവൾക്ക്! പിന്നെ ആരും ക്ഷണിച്ചില്ല എന്നൊക്കെ മുരട്ടുവാദങ്ങളും കൊണ്ട് എൻ്റടുത്തേക്ക് വന്നേക്കല്ല്! നിൻ്റെ മീരേച്ചിയാടാ എന്നെ പ്രത്യേകം വിളിച്ച് നിന്നോടു വരണമെന്നു പറയാമ്പറഞ്ഞത്! മമ്മി മന്ദഹസിച്ചു.