ഞാനതനുസരിച്ചു. ശരിക്കും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇഷ്ട്ടമുള്ള പണി ചെയ്യാമല്ലോ എന്നതായിരുന്നു പ്രചോദനം. ഇൻ്റേർണൽ മാർക്കുകൾ ഒരു പ്രശ്നവുമില്ലാതെ നിർല്ലോഭം ലഭിച്ചു.
എൻഐറ്റീയില് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഉയർന്ന മാർക്ക്. ഒരൊറ്റ സപ്ലിയുമില്ലാതെ ഞാൻ കോഴ്സു മുഴുമിച്ചു. തെർമോഡൈനാമിക്സ്, മെഷീൻ ഡ്രോയിങ്ങ്, വർക്ക്ഷോപ്പുകൾ, ഫ്ലൂയിഡ് മെക്കാനിക്സ്….അങ്ങനെ പലരുടേയും പേടിസ്വപ്നങ്ങളായ വിഷയങ്ങളൊക്കെ ഞാൻ ശരിക്കും ആസ്വദിച്ചാണ് പഠിച്ചത്.
ഡിഗ്രി കഴിഞ്ഞയുടനേ എംടെക്കിനൊന്നും പോയില്ല. നേരേ ഒരു കൺസ്റ്റ്രക്ഷൻ കമ്പനീൽ ചേർന്നു. അഞ്ചു വർഷം സൈറ്റിൽ. ഫാബ്രിക്കേഷൻ, ഇറക്ഷൻ…. ഒരു മൈനർ ഉസ്താദായി മാറി. പതിനഞ്ചു കൊല്ലം പണിയെടുത്താലും ഇത്രേം മുന്നേറാൻ സാധാരണ ആർക്കും കഴിയാറില്ലെന്നാണ് ഞങ്ങടെ കൺസൾറ്റൻ്റ് കമ്പനീടെ സായിപ്പു പറഞ്ഞത്. പുള്ളീടെ നിർദ്ദേശപ്രകാരം ഗേറ്റെഴുതി ബോംബേ ഐഐറ്റീൽ ചേർന്ന് എംടെക്കെടുത്തു. അവിടെ നിന്നുമിറങ്ങി ഒരു ബ്രേക്കെടുത്ത് കൊച്ചീല് വാപ്പേടേം മമ്മീടേം കൂടി സുഖമായങ്ങു കൂടിയപ്പോഴാണ് ഒരു ഫോൺ. അലീനച്ചേച്ചി. ചെന്നൈയിൽ പണിയുന്ന വീടിന് എൻ്റെ സൂപ്പർവിഷൻ വേണം. പാതിയിലെത്തി വഴിമുട്ടി നിൽപ്പാണ്. ഞാനങ്ങോട്ടു വിട്ടു. മൂന്നുമാസം മരിച്ചു പണിയെടുത്തു. ഡിസൈനിലും മാറ്റങ്ങൾ വരുത്തി. പാലുകാച്ചലിന് വാപ്പേം മമ്മീം വന്നു. അന്ന് രാത്രി പുതിയ വീടിൻ്റെ ടെറസ്സിൽ വാപ്പേം ഞാനും സ്ക്കോച്ചു നുണഞ്ഞിരുന്നപ്പോൾ മമ്മി എൻ്റടുത്തു വന്നിരുന്നു. കയ്യിലൊരു വൈൻഗ്ലാസുമുണ്ട്. മറുവശത്ത് അലീനച്ചേച്ചിയും. പുള്ളിക്കാരീടെ കെട്ട്യോൻ മൂർത്തി ഇത്തിരി ഫിറ്റായിരുന്നു.